പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയെ ശ്വാസകോശ രോഗ ചികിത്സയ്ക്കുള്ള
അപ്പെക്‌സ് ആശുപത്രിയാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ.
സംസ്ഥാനത്തെ 100 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽക്കൂടി അടുത്ത വർഷം ശ്വാസ്
ക്ലിനിക്ക് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക സി.ഒ.പി.ഡി.
ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ശ്വാസകോശ പുനരധിവാസ
കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

ജീവിതശൈലീ രോഗങ്ങളെ വേർതിരിച്ച് സമഗ്ര ചികിത്സാ സൗകര്യമൊരുക്കുന്ന
വിപുലമായ പദ്ധതി ആരോഗ്യവകുപ്പ് നടപ്പാക്കിവരികയാണെന്ന് മന്ത്രി
ചൂണ്ടിക്കാട്ടി. 100 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഇപ്പോൾത്തന്നെ ശ്വാസ്
ക്ലിനിക്കുകൾ തുടങ്ങിയിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രിയിലും ജനറൽ
ആശുപത്രിയിലും സി.ഒ.പി.ഡി. ക്ലിനിക്കുകൾ ആരംഭിക്കും. ഇതിന്റെയെല്ലാം
സംസ്ഥാനതല കേന്ദ്രമായി പുനലയാർകോട്ട ആശുപത്രി പ്രവർത്തിക്കും. ഇതിനുള്ള
ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെനിന്നുള്ള
നിർദേശങ്ങൾ വികേന്ദ്രീകരിച്ച് ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലെത്തിച്ച്
ചികിത്സാ സംവിധാനം സജ്ജമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി
പറഞ്ഞു. സി.ഒ.പി.ഡി. വെബ്‌സൈറ്റും മന്ത്രി ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

ആശുപത്രി വളപ്പിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു
അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വി.ആർ. സിനി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.
ആർ.എൽ. സരിത, തിരുവനന്തപുരം മെഡിക്കൽ കോളജ് നെഞ്ചുരോഗ വിഭാഗം മേധാവി ഡോ.
കെ. അനിത കുമാരി, ജില്ലാ മെഡിക്കൽ ഓഫിസർ പി.പി. പ്രീത, എച്ച്.ഡി.സി.
അംഗങ്ങൾ, ആരോഗ്യ  വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.