വർത്തമാനകാലത്ത് ഭരണഘടനാ മൂല്യങ്ങൾക്ക് പ്രസക്തിയേറുന്നു: മുഖ്യമന്ത്രി
ഭരണഘടനാ നിർമാണ സഭയിൽ നടന്ന ചർച്ചകളുടെ മലയാള പരിഭാഷാ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകി പ്രകാശനം ചെയ്തു. നീതി, സ്വാതന്ത്ര്യം തുല്യത, മതനിരപേക്ഷത, ഫെഡറലിസം എന്നിവ വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലത്ത് ഭരണഘടനാ മൂല്യങ്ങൾക്ക് പ്രസക്തിയേറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുരോഗമനാത്മകവും വിപ്ലവാത്മകവുമായ നിയമങ്ങൾ പാസാക്കിയ നിയമസഭയാണ് കേരളത്തിന്റേത്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ദൂരവ്യാപകമായ ഗുണ ഫലങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിഞ്ഞു.മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും ഉൾപ്പെടെ ഈ അനുകരണീയ മാതൃകകളെ പിന്നീട് പിൻതുടർന്നു എന്നതും അഭിമാനകരമാണ്. ഇതിന്റെ തുടർച്ചയായി പൊതു പ്രവർത്തകർക്കും സമൂഹത്തിനും ഭരണ ഘടനയുടെ രൂപീകരണ വഴികൾ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽഭരണ ഘടന നിർമാണ അസംബ്ലിയിലെ ചർച്ചകളുടെ മലയാള പരിഭാഷ പുസ്തകരൂപത്തിൽ കേരള നിയമസഭ പുറത്തിറക്കുകയാണ്.ആദ്യ വാല്യത്തിന്റെ പ്രകാശനമാണ് ഇവിടെ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒത്തുതീർപ്പുകളും വിയോജിപ്പുകളും ഉൾക്കൊണ്ട് രൂപീകരിക്കാൻ കഴിഞ്ഞു എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ ഒന്നിത്യവും വിജയവും. അനേകം ആശയധാരകളുടെ നിയമ ശിൽപ്പരൂപമായാണ് ഭരണ ഘടനയെ കണേണ്ടത്. നിർഭയമായി അഭിപ്രായം രേഖപ്പെടുത്താൻ അനുവദിക്കുന്ന ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത്അഭിപ്രായ സ്വാതന്ത്യം കൂച്ചുവിലങ്ങിടുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അവകാശങ്ങളുടെ പ്രസക്തി ഭരണഘടന വ്യക്തതമായി പ്രതിപാദിക്കുന്നു.
ബ്രിട്ടീഷ്, അമേരിക്കൻ ഭരണഘടനകളുടെയടക്കം വിദേശീയവും തദ്ദേശീയവുമായ സത്തയ നമ്മൾ ഉൾക്കൊണ്ടിട്ടുണ്ട്. ഇതിന് പഞ്ചായത്ത് രാജ് മുതൽ അധികാര വികേന്ദ്രീകരണം വരെയുള്ള നിയമ നിർമാണങ്ങൾ ഉദാഹരണങ്ങളാണ്. ജാതി മത ചിന്തകൾക്കപ്പുറം മൗലികാവകാശങ്ങൾ ഉറപ്പുനൽകുകയും വൈവിധ്യങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നുവെന്നത് ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയാണ്. സാമൂഹിക സൂക്ഷ്മാംശങ്ങൾ തിരിച്ചറിഞ്ഞ് അധസ്ഥിത വിഭാഗങ്ങൾക്ക് പരിഗണന നൽകി സാമൂഹിക ജനാധിപത്യ വ്യവസ്ഥ കെട്ടിപ്പെടുക്കാൻ ഭരണഘടന രൂപീകരണത്തിന് നേതൃത്വം നൽകിയ ഡോ. ബി.ആർ. അംബദ്ക്കർ അടക്കമുള്ളവരെ ഈ വേളയിൽ സ്മരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
‘വജ്രകാന്തിയിൽ പതിനാലാം കേരള നിയമസഭ’ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മന്ത്രി എ.കെ. ശശീന്ദ്രന് നൽകി പ്രകാശനം നിർവഹിച്ചു. ‘കേരളം പാസാക്കിയ നിയമങ്ങൾ-പ്രഭാവ പഠനങ്ങൾ വാല്യം II’ പുസ്കത്തിന്റെ പ്രകാശനം മന്ത്രി കെ. രാജൻ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം നിർവഹിച്ചു. ‘ബജറ്റ് പ്രസംഗങ്ങൾ വാല്യം I & II’ പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി കെ.എൻ. ബാലഗോപാൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന് നൽകി പ്രകാശനം നിർവഹിച്ചു. ‘സഭാധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും’ എന്ന പുസ്തകം മന്ത്രി എം.ബി. രാജേഷ് പി.ജെ. ജോസഫ് എം.എൽ.എക്ക് നൽകി പ്രകാശനം ചെയ്തു. നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങില് നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, ഡോ. എൻ.കെ. ജയകുമാർ എന്നിവർ സംബന്ധിച്ചു.
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഭരണഘടനാ നിർമ്മാണസഭയുടെ ചർച്ചകൾ ഔദ്യോഗികമായി മലയാളത്തിലേക്ക് തർജമ ചെയ്യുകയെന്ന ഉദ്യമത്തിന് കേരള നിയമസഭാ സെക്രട്ടേറിയറ്റ് തുടക്കം കുറിച്ചത്.