കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്.
ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്. പോലീസിന്റെ നവീകരിച്ച സിറ്റിസൺ സർവീസ് പോർട്ടൽ, സിറ്റിസൺ സർവീസ് ഉൾപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ എന്നിവ നിലവിൽ വന്നു.
എല്ലാ ജില്ലകളിലും ഫോറൻസിക് സയൻസ് ലബോറട്ടറികൾ സ്ഥാപിതമായി. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സൈബർ വിഭാഗത്തെ ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കുന്ന അംഗീകൃത സ്ഥാപനമായി കേന്ദ്ര ഇലക്ട്രോണിക് ഐ.റ്റി മന്ത്രാലയം അംഗീകരിച്ചു. കമ്പ്യൂട്ടറുകളുടെയും ഫോണുകളുടെയും പരിശോധനയ്ക്കാണ് അംഗീകാരം. രാജ്യത്തെ അഞ്ച് ഫോറൻസിക് ലാബുകൾക്ക് മാത്രമാണ് ഇതിനുമുമ്പ് ഈ പദവി ലഭിച്ചത്.
കേരളാ പോലീസിന്റെ ഡ്രോൺ ഫോറൻസിക് ലാബ്, ഗവേഷണകേന്ദ്രം എന്നിവ നിലവിൽ വന്നു. രാജ്യത്ത് ഇത്തരം സംവിധാനം സ്വന്തമാക്കിയ ആദ്യത്തെ പോലീസ് ഏജൻസിയാണ് കേരളാ പോലീസ്. കേരള പോലീസ് സൈബർഡോം വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ മൊബൈൽ ആന്റി ഡ്രോൺ വെഹിക്കിളാണ് ‘ഈഗിൾ ഐ’. ഡ്രോൺ ആക്രമണങ്ങളും അനുമതിയില്ലാത്ത പ്രവർത്തനങ്ങളും കണ്ടെത്തി നിർവീര്യമാക്കുകയാണ് രീതി.
സംസ്ഥാനത്തെ ഏറ്റവും മികച്ചതും രാജ്യത്തെ മികച്ച അഞ്ചാമത്തെയും പോലീസ് സ്റ്റേഷനായി ആലത്തൂർ പോലീസ് സ്റ്റേഷൻ അംഗീകാരം നേടി. 2023-ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം തലശ്ശേരി പോലീസ് സ്റ്റേഷന് ലഭിച്ചു. കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബിനും ആലപ്പുഴ ജില്ലയിലെ മുഹമ്മ, പണക്കാട് പോലീസ് സ്റ്റേഷനുകൾക്കും ഐ.എസ്.ഒ അംഗീകാരം ലഭിച്ചത് പൊലീസിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ്.
പോലീസിന്റെ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും അറിയിക്കാൻ പരാതിപരിഹാര സംവിധാനം നിലവിൽ വന്നു. കേരള പോലീസിന്റെ ഓൺലൈൻ പോർട്ടലായ തുണയിലൂടെയോ പോൽ ആപ്പിലൂടെയോ പരാതി നൽകുകയോ മറ്റ് സേവനങ്ങൾക്കായി അപേക്ഷിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് അപേക്ഷ പൂർത്തിയായശേഷം പോലീസ് സേവനത്തെക്കുറിച്ച് വിലയിരുത്താനും പരാതിപ്പെടാനുമായി ഒരു ലിങ്ക് അടങ്ങിയ SMS ഫോണിൽ ലഭിക്കും. ഈ ലിങ്കിലൂടെ തുണ പോർട്ടലിലേക്ക് പോയി അവിടെ ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമായി പ്രതികരണങ്ങൾ അറിയിക്കാം, നിർദേശങ്ങൾ നൽകാനും കഴിയും.
അഴിമതിരഹിതമായ പ്രവർത്തനങ്ങളിലൂടെയും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും കേരള പോലീസ് രാജ്യത്തിന് തന്നെ മാതൃകയായി മാറുകയാണ്.
കരുത്തോടെ കേരളം- 79