പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.

നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു. ഇതിൽ 915 മാവേലി സ്റ്റോറുകളും 588 സൂപ്പർ മാർക്കറ്റുകളും ഉൾപ്പെടുന്നു. ആറ് ഹൈപ്പർ മാർക്കറ്റുകൾ, 88 മെഡിക്കൽ സ്റ്റോറുകൾ, 13 പെട്രോൾ ബങ്കുകൾ, 3 എൽപിജി ഔട്ട്‌ലെറ്റുകൾ, 21 മൊബൈൽ മാവേലി സ്റ്റോറുകൾ എന്നിങ്ങനെ സ്ഥാപനങ്ങൾ വേറെയും.

2016 മെയ് മാസത്തിലെ സബ്‌സിഡി വിലയിൽ മാറ്റമില്ലാതെ, 13 ഇനം അവശ്യസാധനങ്ങൾ 2024 ഫെബ്രുവരി വരെ സപ്ലൈകോ ലഭ്യമാക്കി. പൊതുവിപണിയിലെ വിലയുടെ ഏകദേശം പകുതിയോളം വിലയ്ക്ക് ഈ സാധനങ്ങൾ നൽകാൻ സപ്ലൈകോക്ക് കഴിഞ്ഞു. ഇപ്പോഴും, ശരാശരി 35% സബ്‌സിഡിയോടെ അവശ്യസാധനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നുണ്ട്.
വില നിയന്ത്രണത്തിന് പുറമെ, നെല്ല് സംഭരണത്തിലും സപ്ലൈകോ പ്രധാന പങ്ക് വഹിക്കുന്നു.

പ്രതിവർഷം ഏകദേശം ആറ് ലക്ഷം മെട്രിക് ടൺ നെല്ല് കർഷകരിൽ നിന്ന് സംഭരിച്ച് അവർക്ക് ന്യായമായ വില ഉറപ്പാക്കുന്നു. സംഭരിച്ച നെല്ല് സംസ്കരിച്ച് അരിയായി റേഷൻ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത് സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമാണ്. കേന്ദ്രം നൽകുന്ന താങ്ങുവിലക്ക് പുറമെ സംസ്ഥാന സർക്കാർ ഇൻസെന്റീവ് ബോണസ് നൽകി, രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് കേരളത്തിൽ നെല്ല് സംഭരിക്കുന്നത്.

സാധാരണ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കിയും കർഷകർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കിയുമുള്ള സപ്ലൈകോയുടെ ഇടപെടലുകൾ സാധാരണക്കാർക്ക് ആശ്വാസമാണ്.

കരുത്തോടെ കേരളം- 82