കുട്ടികള്‍ക്ക് വിളിക്കാന്‍ കഴിയുന്നവിധം റീബ്രാന്റ് ചെയ്തു

വിഷമതകള്‍ അനുഭവിക്കുന്ന ഏതൊരു കുട്ടിയ്ക്കും ഏതൊരു സമയത്തും നേരിട്ട് വിളിക്കാന്‍ കഴിയുന്ന വിധത്തില്‍ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ 1098 റീബ്രാന്റ് ചെയ്ത് സംസ്ഥാന വനിത ശിശുവികസന വകുപ്പ്. ചൈല്‍ഡ് ഹെല്‍പ് ലൈന്‍ റീബ്രാന്റിംഗ് ലോഗോ പ്രകാശനം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

കുട്ടികളുടെ അടിയന്തര സഹായ സംവിധാനമായി വനിത ശിശു വികസന വകുപ്പ് മുഖേന സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന ചൈല്‍ഡ് ഹെല്‍പ് ലൈനാണ് 1098. ചൈല്‍ഡ് ഹെല്‍പ് ലൈന്‍ 2023 ആഗസ്റ്റ് മാസത്തോടെ പൂര്‍ണമായും വനിത ശിശുവികസന വകുപ്പ് ഏറ്റെടുത്തിരുന്നു. വകുപ്പ് ഏറ്റെടുത്ത ശേഷം ഇതുവരെ 4,86,244 കോളുകള്‍ സ്വീകരിച്ചിട്ടുണ്ട്. 32,330 കുട്ടികള്‍ക്ക് അടിയന്തിര സേവനം ആവശ്യമാണെന്ന് കണ്ടെത്തി കൃത്യമായ ഇടപെടലുകളിലൂടെ ആവശ്യമായ സഹായം നല്‍കുകയും കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും വകുപ്പിന് സാധിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴും കുട്ടികള്‍ നേരിട്ട് വിളിക്കുന്നത് കുറവാണ്. ഇതിന് മാറ്റം വരുത്തി ശക്തമായ ബോധവത്ക്കരണം നല്‍കി കുട്ടികള്‍ക്ക് നേരിട്ട് വിളിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റം വരുത്താന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഏതൊരു കുട്ടിയ്ക്കും സഹായം ആവശ്യമായി വരുന്ന ഘട്ടത്തില്‍ നേരിട്ട് വിളിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനായാണ് റീബ്രാന്റ് ചെയ്തത്.

കുട്ടികള്‍ക്ക് സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കുമായി എമര്‍ജന്‍സി നമ്പരായ 1098ല്‍ 24 മണിക്കൂറും വിളിക്കാവുന്നതാണ്. ഇതിനായി സംസ്ഥാനതല കണ്‍ട്രോള്‍ റൂമും ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനതല കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്തെ വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റിലാണ് സജ്ജമാക്കിയിരിക്കുന്നത്. 1098 ലേക്ക് വിളിക്കുന്ന കോളുകള്‍ സംസ്ഥാന കണ്‍ട്രോള്‍ റൂമിലാണ് എത്തുന്നത്. ഈ കോളുകള്‍ അടിയന്തര ഇടപെടലിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലകളിലെ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ യൂണിറ്റിലേക്ക് അയച്ചു കൊടുക്കുകയും ഉടന്‍ നടപടി സ്വീകരിക്കുന്നതുമാണ്. അടിയന്തര പ്രാധാന്യമുള്ള എമര്‍ജന്‍സി കോളുകള്‍ 112ലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയും ആവശ്യമായ നടപടികള്‍ ഉറപ്പു വരുത്തുകയും ചെയ്യും.