നിരക്ഷരതയുടെ തുരുത്തുകൾ ഇല്ലാതാക്കുക ലക്ഷ്യമിട്ട് സർക്കാർ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറ്റിയുടെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാകുന്നു.
➣ ചങ്ങാതി പദ്ധതി: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും കേരള സംസ്‌കാരവും പഠിക്കുന്നതിനായി തുടക്കമിട്ട പദ്ധതിയാണ് ചങ്ങാതി. രാജ്യത്ത് തന്നെ ഇതാദ്യമാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ മലയാളഭാഷയിൽ സാക്ഷരരാക്കുക എന്നത് കൂടാതെ ആരോഗ്യ -സാമ്പത്തിക -ശുചിത്വ സാക്ഷരതയെ കുറിച്ചും അവബോധം വളർത്തുന്ന നിലയിലാണ് മഹാത്മാഗാന്ധി സർവകലാശാലയിലെ മൈനോരിറ്റി ഗവേഷണ വിഭാഗവുമായി ചേർന്നുകൊണ്ട് പദ്ധതി പരിഷ്‌കരിച്ചു നടപ്പാക്കുന്നത്. 469 പേർ പദ്ധതിയിലൂടെ സാക്ഷരരായി. ഇതിനകം പദ്ധതിയുടെ മൂന്നു ഘട്ടങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
➣ സമന്വയ പദ്ധതി: ട്രാൻസ്‌ജെൻഡർ, എൽ.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗങ്ങളെ പഠനത്തോടൊപ്പം സാംസ്‌കാരികവും വൈജ്ഞാനികവുമായി മികവുള്ളവരാക്കി മാറ്റി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സമന്വയ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ സാക്ഷരതയിൽ തുടങ്ങി ഹയർ സെക്കൻഡറി തലം വരെയാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. പദ്ധതിയിൽ തൊഴിൽ/ജീവിതനൈപുണി സാധ്യതകൾകൂടി ഉൾപ്പെടുത്തി ട്രാൻസ്‌ജെൻഡർ വിഭാഗക്കാരെ കൂടുതൽ ആത്മവിശ്വാസമുള്ള സമൂഹമാക്കി മാറ്റുവാനുള്ള ശ്രമമാണ് നടക്കുന്നത്. സാക്ഷരതാ-തുല്യതാ കോഴ്‌സുകളിൽ പഠിക്കുന്ന ട്രാൻസ്‌ജെൻഡർ പഠിതാക്കൾക്ക് സ്‌കോളർഷിപ്പിന് പുറമേ പഠനകാലയളവിൽ താമസിക്കുനതിനായുള്ള പഠനവീട് സമ്പ്രദായവും ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലാണ് പഠനവീട് പ്രവർത്തിക്കുന്നത്.
➣ സമഗ്ര: ആദിവാസിവിഭാഗക്കാർക്കും അറിവ് ലഭ്യമാക്കാനുള്ള ശ്രമമാണ് സമഗ്ര ആദിവാസി തുടർവിദ്യാഭ്യാസ പദ്ധതി. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ 100 ആദിവാസി സാങ്കേതങ്ങളിൽ ആരംഭിച്ച സമഗ്ര ആദിവാസി തുടർവിദ്യാഭ്യാസ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1966 പേർ സാക്ഷരരായി. രണ്ടാംഘട്ടം 100 ഊരുകളിലേക്ക് കൂടി വ്യാപിച്ചിരുന്നു. ഊരുകളിൽ നാലും ഏഴും തുല്യതാകോഴ്‌സുകൾ സാധ്യമാക്കി.
➣ പാരിസ്ഥിതിക മലിനീകരണ വിഷയങ്ങളിൽ ജനങ്ങളുടെ അവബോധം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് പരിസ്ഥിതി സാക്ഷരതാ പദ്ധതി. പ്രാരംഭപ്രവർത്തനങ്ങൾക്കായി 2023 ഓഗസ്റ്റിൽ കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, വയനാട് ജില്ലകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.
➣ തീരദേശമേഖലകളിൽ നടപ്പാക്കിയ സാക്ഷരതാ പരിപാടിയാണ് അക്ഷരസാഗരം. 2017ൽ ഒന്നാംഘട്ടം പൂർത്തിയാകുമ്പോൾ 39 സ്ഥാപനങ്ങളിലെ 234 തീരദേശ വാർഡുകളിൽ സാക്ഷരതാതുല്യതാപരിപാടി നടപ്പാക്കി.
➣ ജയിൽജ്യോതി പദ്ധതിയിലൂടെ കേരളത്തിലെ ജയിലുകളിൽ തുല്യതാപഠനത്തിന് അവസരം ഒരുക്കുന്നു. ഹയർസെക്കൻഡറി തുല്യതയിൽ ഏഴു ബാച്ചുകൾ പൂർത്തിയായി.
ഇന്ത്യയിൽ തുല്യതാ വിദ്യാഭ്യാസ പരിപാടി നടക്കുന്ന ഏക സംസ്ഥാനമാണ് കേരളം. നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളാണ് സാക്ഷരത പദ്ധതി കൂടാതെ സാക്ഷരതാ മിഷൻ നടത്തുന്നത്. സാക്ഷരത നേടിയ എല്ലാ വിഭാഗം ആളുകളെയും തുടർ വിദ്യാഭ്യാസത്തിലേക്ക് നയിക്കുന്നതിനാണ് തുല്യതാ കോഴ്‌സുകൾ നടപ്പാക്കുന്നത്. മലയാളം, ഇംഗ്ലീഷ് പരിസ്ഥിതി പഠനം, ഗണിതം, തൊഴിൽപരിശീലനം എന്നീ അഞ്ചു വിഷയങ്ങൾ ഉൾപ്പെടുത്തി നാലാംതരം പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നു. ഔപചാരിക വിദ്യാഭ്യാസം നേടാൻ സാധിക്കാത്ത 15 വയസ് പൂർത്തിയായവർക്ക് പദ്ധതിയിലൂടെ മുടങ്ങിപ്പോയ വിദ്യാഭ്യാസം നേടാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കോഴ്‌സുകൾ നടത്തുന്നത്. കണ്ണൂർ ജില്ലയിൽ പത്താമുദയം, ആലപ്പുഴ ജില്ലയിൽ പാഠം ഒന്ന് ആലപ്പുഴ എന്നീ പദ്ധതികളിലൂടെ സമ്പൂർണ പത്താംതരം നടപ്പാക്കുന്നു.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ പച്ചമലയാളം, അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് പദ്ധതികൾ ആവിഷ്‌കരിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സമൂഹത്തിൽ നിലനിൽക്കുന്ന ഡിജിറ്റൽ വിടവ് മറികടക്കുന്നതിനായി ഇ-മുറ്റം ഡിജിറ്റൽ ബോധവത്ക്കരണ പദ്ധതി ആവിഷ്‌കരിച്ചു. 14 ജില്ലകളിലായി പദ്ധതിയിൽ 26971 പേർ ഗുണഭോക്താക്കളാണ്. സ്ത്രീകളുടെ തുടർവിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യമിട്ട് മുന്നേറ്റം പദ്ധതി, കാഴ്ചപരിമിതരെ ബ്രെയിൻ ലിപിയിൽ സാക്ഷരരാക്കുന്ന ദീപ്തി-ബ്രെയിലി സാക്ഷരതാ പദ്ധതി എന്നിവ സാക്ഷരതാമിഷന്റെ പ്രധാന ജനകീയ പ്രവർത്തനങ്ങളാണ്.
കരുത്തോടെ കേരളം- 95