വയനാട് ജില്ലയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പൊതുമരാമത്ത് വകുപ്പ് രണ്ടരവർഷത്തിനകം ആയിരം കോടി രൂപകൂടി അനുവദിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കിഫ്ബിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കൽപ്പറ്റ- വാരാമ്പറ്റ, മേപ്പാടി-ചൂരൽമല, കണിയാമ്പറ്റ-മീനങ്ങാടി റോഡുകളുടെയും നബാർഡിലുൾപ്പെടുത്തി നിർമ്മിക്കുന്ന താളിപ്പാറക്കടവ്, മാമ്പിള്ളിച്ചിക്കടവ് പാലങ്ങളുടെയും നിർമ്മാണ പ്രവൃത്തികളും പുതുക്കി പണിത കൽപ്പറ്റ റസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം കൽപ്പറ്റ ടൗണിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പശ്ചാത്തല മേഖലയിൽ മുൻക്കാലത്തൊന്നും ലഭിക്കാത്ത പരിഗണനയാണ് നൽകുന്നത്. പ്രളയാനന്തര പുനർനിർമ്മാണത്തിലും ജില്ലയ്ക്ക് പ്രഥമ പരിഗണനയാണ് നൽകുന്നത്. 110 കോടി രൂപയാണ് ഇതിനായി ആദ്യഘട്ടത്തിൽ നീക്കിവച്ചത്. മാനന്തവാടി നിയോജക മണ്ഡലത്തിന് 50 കോടിയും കൽപ്പറ്റ, സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങൾക്ക് 30 കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. റോഡ് നിർമ്മാണത്തിനും പുനരുദ്ധാരണ പ്രവൃത്തികൾക്കുമായി 1116.94 കോടി രൂപ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 30 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന റോഡുകളും പാലങ്ങളും നവീകരിക്കാനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കും. കൽപ്പറ്റയിലെ മണ്ണാർക്കുന്ന് പാലം, ചുഴലിപാലം, ഞെട്ടാറപ്പാലം, കോട്ടത്തറ ഡാം സൈറ്റ് പാലം എന്നിവയ്ക്കും 40 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൽപ്പറ്റ-വാരാമ്പറ്റ, മേപ്പാടി-ചൂരൽമല, കണിയാമ്പറ്റ-മീനങ്ങാടി റോഡുകളുടെ നിർമ്മാണത്തിന് 136.61 കോടി രൂപയാണ് ചെലവിടുന്നത്. നബാർഡിലുൾപ്പെടുത്തി നിർമ്മിക്കുന്ന താളിപ്പാറക്കടവ് പാലത്തിന് 17.50 കോടി രൂപയും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ മാമ്പിള്ളിച്ചിക്കടവ് പാലത്തിന് 11.64 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1.96 കോടി രൂപ ചെലവിലാണ് കൽപ്പറ്റ റസ്റ്റ് ഹൗസ് പുതുക്കി പണിതത്. എ ഗ്രേഡ് നിലവാരത്തിലുളള റെസ്റ്റ് ഹൗസിൽ ആവശ്യമായ ജീവനക്കാരെയും ഉടൻ നിയമിക്കും. സി.കെ ശശീന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എം. നാസർ, കെ.ആർ.എഫ്.ബി. ചീഫ് എൻജിനീയർ വി.വി. ബിനു, നിരത്ത് വിഭാഗം സുപ്രണ്ടിംഗ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ്, കെട്ടിട വിഭാഗം സുപ്രണ്ടിംഗ് എൻജിനീയർ പി.കെ. മിനി എന്നിവർ സംസാരിച്ചു.
