പ്രളയത്തിൽ നശിച്ച വീടുകൾ പുനർനിർമ്മിക്കാൻ സർക്കാർ അനുവദിച്ച തുകയുടെ വിതരണം ഡിസംബർ പതിനഞ്ചിനകം പൂർത്തിയാക്കും. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ 866 വീടുകൾ പ്രളയത്തിൽ പൂർണമായി നശിച്ചിട്ടുണ്ട്. ഇതിൽ 211 പേർക്ക് ധനസഹായത്തിന്റെ ആദ്യഗഡു നൽകി. ശേഷിക്കുന്നവർക്കുള്ള തുക വിതരണം ഉടൻ പൂർത്തിയാക്കും. പഞ്ചായത്ത്, റവന്യൂ ഓഫീസുകളിൽ ലഭിച്ചിട്ടുള്ള അപേക്ഷകളിൽ നവംബർ മുപ്പതിനകം ജോയിന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കും. അർഹതാ ലിസ്റ്റിൽ നിന്നും വിട്ടുപോയ കുടുംബങ്ങളുടെ കണക്ക് വില്ലേജ് ഓഫീസർമാർ ശേഖരിക്കും. ഇങ്ങനെ കണ്ടെത്തുന്ന കുടുംബങ്ങളുടെ വിശദവിവരങ്ങൾ നവംബർ 28നകം റിപോർട്ട് ചെയ്യണമെന്നു കളക്ടർ നിർദേശിച്ചു. വീട് നഷ്ടപ്പെട്ട പട്ടികവർഗ കുടുംബങ്ങളുടെ വിവരങ്ങളും ബുധനാഴ്ചയ്ക്കകം ജില്ലാ കളക്ടർക്കു നൽകണം. ഇവർക്ക് പട്ടികവർഗ വികസനവകുപ്പ് മുഖേന വീട് നിർമ്മിച്ചു നൽകാൻ നടപടിയെടുക്കും. സഹകരണവകുപ്പ് മുഖേന ജില്ലയിൽ പ്രളയബാധിത മേഖലകളിലെ 84 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നുണ്ട്. ഇവരെ പ്രളയ പുനരധിവാസ വീട് നിർമ്മാണ പദ്ധതിയിലേക്ക് പരിഗണിക്കില്ല. കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷവും വീട് നഷ്ടപ്പെട്ടവർക്ക് നാലുലക്ഷവുമാണ് ലഭിക്കുക. യോഗത്തിൽ സബ് കളക്ടർ എൻ.എസ.കെ. ഉമേഷ്, ജില്ലാ ഫിനാൻസ് ഓഫിസർ ദിനേശൻ, സുൽത്താൻ ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്ക് തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു.
