പ്രളയബാധിത പ്രദേശങ്ങളിൽ രാമച്ചം നട്ടുപിടിപ്പിച്ച് ജൈവ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി ഡിസംബർ പതിനഞ്ചിനകം ജില്ലാതല കർമസമിതി രൂപീകരിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനം. പൊഴുതന, വൈത്തിരി, തവിഞ്ഞാൽ, പനമരം, തിരുനെല്ലി പഞ്ചായത്തുകളിലെ പ്രളയബാധിത പ്രദേശങ്ങളിലാണ് രാമച്ച ജൈവവേലി നിർമ്മിക്കാനുദ്ദേശിക്കുന്നത്. ഡിസംബർ അഞ്ചിനു മുമ്പ് സാധ്യതാ പഠനം നടത്തും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രാമച്ച നഴ്‌സറി ആരംഭിച്ച് തുടർപ്രവർത്തനം നടത്താമെന്നും ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പി.ജി. വിജയകുമാർ അറിയിച്ചു.
ചെരിവുള്ള പ്രദേശങ്ങളിൽ രാമച്ചം നട്ടുപിടിപ്പിച്ചാൽ വേര് ആഴ്ന്നിറങ്ങി മണ്ണൊലിപ്പും മണ്ണിടിച്ചിലും തടയും. പുഴയോര സംരക്ഷണത്തിനും രാമച്ചം ഉപയോഗിച്ചുവരുന്നുണ്ട്. നിലവിൽ നൂറോളം രാജ്യങ്ങളിൽ രാമച്ചം സുരക്ഷിതമായ ജൈവ മണ്ണ് സംരക്ഷണ മാർഗമായി ഉപയോഗിക്കുന്നുണ്ട്. യോഗത്തിൽ എഫ്‌ഐബി അഡൈ്വസറി ബോർഡ് അംഗം സി.ഡി. സുനീഷ് വിഷയാവതരിപ്പിച്ചു. ഇന്ത്യ വെറ്റിവേർ നെറ്റ്‌വർക്ക് പ്രോഗ്രാം കോർഡിനേറ്റർ ഹരിദാസ്, സയിദ് സാംസൺ നാബി എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയി ജോൺ, പഞ്ചായത്ത് സെക്രട്ടറിമാരായ കെ. സുനന്ദരരാജൻ, എൻ. അനിൽകുമാർ, കെ. മുഹമ്മദ് സലീം, ആർ.എ. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.