വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ഭിന്നശേഷിക്കാരുടെ നിയമനം വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ട് പുതിയ കർമ പരിപാടികൾക്ക് രൂപം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ലഹരി ഉപഭോഗം, സ്വഭാവ വ്യതിയാനം എന്നിവ കണ്ടെത്തി കുട്ടികൾക്ക് പ്രാഥമിക കൗൺസിലിംഗ് നൽകാൻ അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ‘ലഹരി വിരുദ്ധ അസംബ്ലി’ എന്ന പദ്ധതിക്ക് കീഴിൽ അധ്യാപകർക്ക് പരിശീലനം നൽകും. ആദ്യഘട്ടത്തിൽ 120 അധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാർ എന്ന നിലയിൽ ക്ലാസ്സുകൾ നൽകിയിരുന്നു. രണ്ടാമത്തെ ബാച്ചിൽ ഉൾപ്പെട്ട 80 പേർക്ക് ഈ മാസം 15, 16, 17 തീയതികളിൽ തിരുവനന്തപുരത്ത് പ്രത്യേക പരിശീലനം നൽകും. ഈ മാസ്റ്റർ ട്രെയിനർമാർ വഴി ഡിസംബർ 31-നകം 80,000 അധ്യാപകർക്ക് പരിശീലനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

വിദ്യാലയങ്ങളിലെ ഭിന്നശേഷി നിയമനം ഭിന്നശേഷി സംവരണം സംബന്ധിച്ചുള്ള നിയമനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജില്ലാതല സമിതികൾ രൂപീകരിച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, ഈ സമിതികൾ പരിശോധിച്ച ശേഷവും നിലനിൽക്കുന്ന പരാതികൾ പരിഗണിക്കുന്നതിനായി നവംബർ 10-നകം സംസ്ഥാനതല അദാലത്ത് സംഘടിപ്പിക്കും. അദാലത്തിലേക്കുള്ള അപേക്ഷകൾ ഒക്ടോബർ 30-നകം സംസ്ഥാനതല സമിതിയുടെ കൺവീനറായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.