ശബരിമല: പോളിയോ ബാധിച്ച കാലുകളുമായി ആറാം തവണയും തമിഴ്നാട് വെല്ലൂര്‍ സ്വദേശി സുരേഷ് ബാബു സന്നിധാനത്തെത്തി അയ്യനെ വണങ്ങി. ഫാര്‍മസിസ്റ്റായ സുരേഷിന് ഒന്നര വയസ്സുള്ളപ്പോഴാണു പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്നത്. അയ്യനെ കണ്ടു നേരിട്ടു വണങ്ങണമെന്ന ദൃഢനിശ്ചയമാണ് തന്നെ ഇവിടെ എത്തിച്ചതെന്നു സുരേഷ് പറഞ്ഞു. സഹോദരന്‍ ധനശേഖറുടെ കൂടെ പമ്പയിലെത്തിയ സുരേഷ് അവിടെനിന്നു ഡോളിയുടെ സഹായത്തോടെയാണ് സന്നിധാനത്തെത്തിയത്. വലിയ നടപ്പന്തല്‍ മുതല്‍ പോലീസ് സഹായത്തിനെത്തി. പതിനെട്ടാംപടി ചവിട്ടി അയ്യനെ ദര്‍ശിക്കുന്നതുവരെ എല്ലാത്തിനും കൂടെയുണ്ടായിരുന്ന പോലീസിനു നന്ദി പറഞ്ഞാണ് സുരേഷ് മടങ്ങിയത്.