സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ പ്രാദേശികതലത്തിൽ വികസന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉൾക്കൊള്ളുന്നതിനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സുകള്‍ക്ക് സെപ്റ്റംബര്‍ 22 ന് തുടക്കമാവും. തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിലാണ് വികസന സദസുകൾ നടക്കുക. മന്ത്രിമാർ, എംഎൽഎമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കാളികളാകും.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്   വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോ വേദികളില്‍ പ്രദര്‍ശിപ്പിക്കും. തദ്ദേശഭരണസ്ഥാപനത്തിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍, ഡിജി കേരളം, മാലിന്യസംസ്‌കരണം, ഗ്രാമീണ റോഡുകളുടെ വികസനം, കെ-സ്മാര്‍ട്, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ വിവിധ പദ്ധതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍, നൂതന പദ്ധതികള്‍ എന്നിവ റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍/ സെക്രട്ടറിമാര്‍ അവതരിപ്പിക്കും. പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ഓപ്പണ്‍ ഫോറവും നടത്തും.
വികസന സദസ്സിനോടനുബന്ധിച്ച് അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന മിനി എക്‌സിബിഷനും കെ-സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലിനിക്കും സംഘടിപ്പിക്കും. വികസന സദസ്സിൽ ലഭിക്കുന്ന നിർദ്ദേശങ്ങളും വിവരങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കുന്ന പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. ജനങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ടും ഓൺലൈനിലും സ്വീകരിച്ച് സർക്കാർ വികസന പദ്ധതികളിൽ ഉൾപ്പെടുത്തും. കൂടാതെ സേവനങ്ങളെ സംബന്ധിച്ച പ്രദർശനങ്ങളും എക്‌സിബിഷനുകളും സംഘടിപ്പിക്കും.
സദസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി  റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് പങ്കെടുത്തു.
വികസന സദസ്സിന്റെ ജില്ലാതല പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി രൂപീകരിച്ച സമിതിയുടെ  ആദ്യ യോഗം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ. ഗോപിനാഥന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ ഉണ്ണികൃഷ്ണന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.