സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ച് ജനാഭിപ്രായം ലഭ്യമാക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസന സദസ് ജില്ലയില്‍ സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെ നടക്കും. വികസന സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും.
അതത് തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാണ് വികസന സദസുകള്‍ സംഘടിപ്പിക്കുക. പഞ്ചായത്തുകളില്‍ 250 മുതല്‍ 300 പേരും നഗരസഭകളില്‍ 1000 പേരും വികസന സദസില്‍ പങ്കെടുക്കും. രാവിലെ മുതല്‍ ഉച്ചവരെ നടക്കുന്ന സദസില്‍ ഉദ്ഘാടന സമ്മേളനത്തില്‍ ശേഷം തദ്ദേശ സ്ഥാപനത്തിന്റെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന വീഡിയോ അവതരണവും നടക്കും.
അതിദാരിദ്ര്യ നിര്‍മാര്‍ജനം/ലൈഫ് മിഷന്‍ പദ്ധതികളുടെ ഭാഗമായി ഭൂമി വിട്ടുനല്‍കിയവര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ ആദരിക്കും. അതത് തദ്ദേശ സ്ഥാപനങ്ങളുടെ വികസന നേട്ടങ്ങളുടെ അവതരണം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടത്തും. തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായവും നിര്‍ദേശങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്ന ഓപ്പണ്‍ ഫോറവും ചര്‍ച്ചയും നടക്കും. സംസ്ഥാനത്തിന്റെ പൊതുവായ വികസന ലക്ഷ്യങ്ങള്‍ക്കൊപ്പം തദ്ദേശ സ്ഥാപന തലത്തിലെ വികസന നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും.
സെപ്റ്റംബര്‍ 22 ന് ബൈസണ്‍വാലി, കുമാരമംഗലം പഞ്ചായത്തുകളിലാണ് ജില്ലയിലെ ആദ്യ വികസന സദസ് നടക്കുക. തുടര്‍ന്ന് 23 ന് ചിന്നക്കനാല്‍, ഉടുമ്പന്‍ചോല, 24 ന് ഏലപ്പാറ, ഇരട്ടയാര്‍, 25 ന് കട്ടപ്പന നഗരസഭ, വണ്ടന്‍മേട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകള്‍, 26 ന് കൊന്നത്തടി, 30 ന് കാമാക്ഷി, കാഞ്ചിയാര്‍, കാന്തല്ലൂര്‍, ഒക്ടോബര്‍ രണ്ടിന് അടിമാലി, 3 ന് വെള്ളത്തൂവല്‍, 5 ന് കൊക്കയാര്‍, 6 ന് മരിയാപുരം, മുട്ടം, 7 ന് ഉടുമ്പന്നൂര്‍, അയ്യപ്പന്‍കോവില്‍, ആലക്കോട്, 8 ന് മൂന്നാര്‍, 9 ന് ഉപ്പുതറ, വാത്തിക്കുടി, വട്ടവട, മാങ്കുളം, കരിമണ്ണൂര്‍, പാമ്പാടുംപാറ, 10 ന് വെള്ളിയാമറ്റം, കരുണാപുരം, ദേവികുളം, കോടിക്കുളം, 13 ന് വണ്ണപ്പുറം, കുമളി, 14 ന് ചക്കുപള്ളം, രാജാക്കാട്, 15 ന് സേനാപതി, ശാന്തന്‍പാറ, ഇടമലക്കുടി, അറക്കുളം, 16 ന് കരിങ്കുന്നം, കുടയത്തൂര്‍, നെടുങ്കണ്ടം, 17 ന് വണ്ടിപ്പെരിയാര്‍, പുറപ്പുഴ, പെരുവന്താനം, 18 ന് ഇടവെട്ടി, മണക്കാട്, പള്ളിവാസല്‍, രാജകുമാരി, തൊടുപുഴ നഗരസഭ, 19 ന് പീരുമേട് എന്നിങ്ങനെയാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്.
ജില്ലയില്‍ വികസന സദസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ആലോചനാ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. സത്യന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസഫ്, ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, യോഗത്തില്‍ പങ്കെടുത്തു. വികസന സദസുമായി ബന്ധപ്പെട്ട് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
