സേവനവും സൗകര്യവും മികച്ചതാക്കിയാണ് നേട്ടം കൈവരിച്ചത്
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനോടെ ഐഎസ്ഒ അംഗീകാരം സ്വന്തമാക്കി കുത്തിയതോട് പൊലീസ് സ്റ്റേഷൻ. അംഗീകാരം കരസ്ഥമാക്കിയ രാജ്യത്തെ രണ്ടാമത്തെ സ്റ്റേഷനാണ് കുത്തിയതോട്. സേവനവും സൗകര്യവും മികച്ചതാക്കിയാണ് നേട്ടം കൈവരിച്ചത്. അർത്തുങ്കൽ പൊലീസ് സ്റ്റേഷനാണ് ആദ്യം അംഗീകാരം ലഭിച്ചത്. കുത്തിയതോട് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങ് ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബിഐഎസ് ഡയറക്ടർ വെങ്കട നാരായണനിൽ നിന്ന് എംഎൽഎയും കുത്തിയതോട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം. അജയമോഹനും ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ആറു മാസത്തെ പരിശ്രമമാണ് നേട്ടത്തിന് പിന്നിൽ. ബിഐഎസ് ദക്ഷിണമേഖല ഓഫീസിലെ സംഘം സ്റ്റേഷൻ സന്ദർശിച്ച് നൽകിയ മാർഗനിർദ്ദേശമനുസരിച്ചാണ് മികച്ച സേവനവും സൗകര്യവും ഉറപ്പാക്കിയത്. ക്രമസമാധാനപരിപാലനം, കുറ്റാന്വേഷണം, പരാതി തീർപ്പാക്കുന്നതിലെ വേഗത, രേഖകളുടെ പരിപാലനം, ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ശുചിത്വ-ഹരിതചട്ട പരിപാലനം, ദൈനംദിന പ്രവർത്തനത്തിൽ ആധുനിക സാങ്കതികവിദ്യ പ്രയോജനപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങളിൽ ബിഐഎസ് നിഷ്കർഷിക്കുന്ന മികവ് കൈവരിച്ചാണ് നേട്ടം സ്വന്തമാക്കിയത്.
ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എം ജി രാജേശ്വരി, വി ജി ജയകുമാർ, മോളി രാജേന്ദ്രൻ, എറണാകുളം റേഞ്ച് ഡിഐജി ഡോ. എസ് സതീഷ് ബിനോ, ആലപ്പുഴ അഡി. സൂപ്രണ്ട് ജയ്സൺ മാത്യു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
