ജില്ലാ കോടതിപ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് വികസനസമിതി നിര്‍ദ്ദേശിച്ചു. തഹസില്‍ദാര്‍ എസ് അന്‍വറിന്റെ അധ്യക്ഷതയില്‍ അമ്പലപ്പുഴ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് വല നഷ്ടമായ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി ഉണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. ചുങ്കം പാലത്തിന് പടിഞ്ഞാറ് വശം കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ നിര്‍ത്തുന്നതിന് ബസ്സ് സ്റ്റോപ്പ് സൗകര്യം ഏര്‍പ്പെടുത്തണം, നഗരചത്വരത്തിനകത്തും മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്‌ളക്‌സിന്റെ മുന്‍വശത്തുമുള്ള റോഡ് ടാര്‍ ചെയ്യണം, വണ്ടാനം മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും ഗൂഗിള്‍ പേ സൗകര്യം ഒരുക്കണം, കിസാന്‍ കോള്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം, മസ്തിഷ്‌കജ്വരം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ചേര്‍ത്തല കനാലില്‍ പായല്‍ നീക്കി മത്സ്യകൃഷി ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. യോഗത്തില്‍ അഡ്വ. സനല്‍കുമാര്‍, പി.ജെ കുര്യന്‍, എം ഇ നിസാര്‍ അഹമ്മദ്, ജോസി ആന്റണി, തോമസ് കളരിക്കല്‍ തുടങ്ങിയ രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
