ജനുവരി 31ന് മുമ്പ് നിര്‍മ്മാണം പൂർത്തിയാക്കും: മന്ത്രി വി.എൻ. വാസവൻ
കോട്ടയം ജില്ലയിലെ പരിപ്പ്- തൊള്ളായിരം റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി 2026 ജനുവരി 31 ന് മുമ്പ് തുറന്നു കൊടുക്കുമെന്ന് സഹകരണ, തുറമുഖം, ദേവസ്വം മന്ത്രി വി.എൻ. വാസവൻ. നിർമാണം മുടങ്ങിക്കിടന്ന പരിപ്പ് – തൊള്ളായിരം റോഡിന്റെ പുനർ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസന ശില്പശാലയിൽ ഉയർന്നുവന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു അയ്മനം പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പരിപ്പ് -തൊള്ളായിരം റോഡിന്റെ പുനർനിർമാണം. പി.എം. ജി.എസ്.വൈ യിൽ ഉൾപ്പെടുത്തി ആരംഭിച്ച പദ്ധതി പൂർത്തിയാക്കാൻ 7. 08 കോടി രൂപ അനുവദിച്ചത് സംസ്ഥാന സർക്കാരാണ്.
തൊള്ളായിരം പാലം പുനർനിർമിച്ച് റോഡ് ഉയർത്തി പൂർണ്ണമായും ഇന്റർലോക്ക് കട്ടകൾ പാകി നാലുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ട്. അയ്മനത്തെ കുമരകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന മാഞ്ചിറ പാലത്തിനായി പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വരമ്പിനകം എസ്എൻഡിപി ഹാൾ പരിസരത്ത് നടന്ന ചടങ്ങിൽ അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു.
പരിപ്പ് മുതൽ തൊള്ളായിരം വരെയുള്ള 2.719 കിലോമീറ്റർ റോഡാണ് പുനർനിർമിക്കുന്നത്. 700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായൽ പാടശേഖരങ്ങൾക്കു നടുവിലൂടെയാണ് കടന്നു പോകുന്നത്. റോഡ് പൂർത്തിയാകുന്നതോടെ പ്രദേശത്തെ അറുനൂറോളം കുടുംബങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാവും. മന്ത്രി വി.എൻ. വാസവൻറെ ഇടപെടലിനെത്തുടർന്നാണ് നിലച്ചു പോയ പദ്ധതിക്ക് ജീവൻ വച്ചത്.
