അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന പുന്നയൂർ ഗ്രാമപഞ്ചായത്തിലെ കുരഞ്ഞിയൂർ ഗവ. എൽ.പി. സ്കൂളിന് പുതിയ കെട്ടിടത്തിന് ശിലയിട്ടതോടെ 95 വർഷമായുള്ള പ്രദേശവാസികളുടെ സ്വപ്നമാണ് യാഥാർത്ഥത്തിലേക്ക് ചുവടുവയ്ക്കുന്നത്.
1929-ൽ ആരംഭിച്ച ഈ വിദ്യാലയം ഇത്രയും കാലം ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ ഒരു സർക്കാർ ഫണ്ടും ലഭിച്ചിരുന്നില്ല. ഇത് സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കുകയും വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ് സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിലേക്ക് നീങ്ങുകയും ചെയ്തു.
നിലവിലെ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്കൂളിന് പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തോടെ നടത്തിയ നിരന്തരമായ ഇടപെടലുകളുടെ ഫലമായി കെട്ടിടത്തിന്റെ അവകാശികളായിരുന്ന ഇട്ടേക്കോട്ട് പടിക്കപ്പറമ്പിൽ രാധാകൃഷ്ണ പണിക്കരുടെ ഭാര്യ വത്സലയും മക്കളായ രാമചന്ദ്രനും രജനിയും 30 സെന്റ് ഭൂമി പഞ്ചായത്തിന് സൗജന്യമായി രജിസ്റ്റർ ചെയ്തു നൽകി.
ഭൂമി ലഭിച്ചതോടെ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിർമിക്കുവാനാണ് ഒരുങ്ങുന്നത്. രണ്ട് നിലകളായുള്ള കെട്ടിടത്തിൽ ആറ് ക്ലാസ് റൂമുകൾ, ലാബ്, ലൈബ്രറി, ഡൈനിങ്ങ് ഹാൾ, ഓഫീസ് റൂം, ടോയ്ലറ്റുകൾ, സ്റ്റാഫ് റൂം ഉൾപ്പെടെയുള്ള ഹൈടെക് വിദ്യാലയം ഇവിടെ ഉയരും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപയും സംസ്ഥാന സർക്കാർ ബജറ്റ് വിഹിതത്തിൽ നിന്ന് ലഭിക്കുന്ന ഒരു കോടി രൂപയും ഉൾപ്പെടെ രണ്ട് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്. രണ്ട് നിലകളിലായി ആറ് ക്ലാസ് റൂമുകൾ, ലാബ്, ലൈബ്രറി, ഡൈനിംഗ് ഹാൾ, ഓഫീസ് റൂം, ടോയ്ലറ്റുകൾ, സ്റ്റാഫ് റൂം തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ഹൈടെക് വിദ്യാലയമാണ് ഇവിടെ ഉയരുന്നത്. കെട്ടിട നിർമാണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഫൗണ്ടേഷൻ പ്രവൃത്തി ഉടൻ ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ താഴത്തെ നില പൂർത്തിയാക്കുന്നതിനായി ഒരു കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു.
