എടവക പഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 32 പരാതികൾക്ക് പരിഹാരമായി. പഞ്ചായത്ത് സ്വരാജ് ഹാളിൽ നടന്ന അദാലത്തിൽ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടര്‍ അതുൽ സാഗര്‍ എന്നിവരാണ് പരാതികൾ പരിഗണിച്ചത്. നേരത്തെ ഓൺലൈനായി രജിസ്റ്റര്‍ ചെയ്ത 18 പരാതികൾക്ക് പുറമേ 62 പരാതികൾ കൂടി നേരിട്ട് അദാലത്ത് വേദിയിൽ ലഭിച്ചു.

ആകെ ലഭിച്ച 80 പരാതികളിൽ 32 എണ്ണം അദാലത്തിൽ വെച്ചുതന്നെ അപേക്ഷകര്‍ക്ക് അനുകൂലമായ തീരുമാനമെടുത്ത് തീര്‍പ്പാക്കി. തുടര്‍ നടപടികൾ ആവശ്യമുള്ള പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടിക്കായി കൈമാറുകയും ചെയ്തു. വിവിധ വകുപ്പുകളിലെ ജില്ലാതല-താലൂക്ക് തല ഉദ്യോഗസ്ഥരും, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും അദാലത്തിൽ എത്തിയിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഉന്നയിക്കുന്ന പരാതികൾക്ക് എത്രയും വേഗം പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും അദാലത്ത് നടത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മൂന്ന് പഞ്ചായത്തുകളിലെ അദാലത്തുകളാണ് ഇതിനോടകം പൂര്‍ത്തിയായത്.

ഭവനപദ്ധതികളിലേക്കുള്ള അപേക്ഷകൾ, മഴക്കെടുതിയിൽ തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാനുള്ള അപേക്ഷ, സര്‍വേ ഭൂരേഖകളിലെ പിഴവുകൾ, വീടിനും പൊതുനിരത്തുകളിലും ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അപേക്ഷകൾ, മഴവെള്ളവും മലിനജലവും കൃഷിസ്ഥലത്തേക്ക് ഒലിച്ചിറങ്ങുന്ന പ്രശ്നങ്ങൾ, പൊതുവഴിക്കും തോടുകൾക്കും സംരക്ഷണ ഭിത്തി നിര്‍മാണം, പഞ്ചായത്തിൽ നിന്ന് കെട്ടിട നമ്പര്‍ അനുവദിക്കാത്ത പ്രശ്നങ്ങൾ, റേഷൻ കാര്‍ഡ് മുൻഗണനാ പട്ടികയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ, പൊതുസ്ഥലത്തെ കീടനാശിനി ഉപയോഗം, തെരുവ് നായ ശല്യം, റോഡിനും ബസ് സ്റ്റോപ്പിനും പൊതുശുചിമുറിക്കുമുള്ള അപേക്ഷകൾ, വന്യമൃഗശല്യം, പട്ടയം അനുവദിക്കാനുള്ള അപേക്ഷ, കുടിവെള്ള ബിൽ കുടിശ്ശിക തുടങ്ങി നിരവധി പരാതികളും അപേക്ഷകളുമാണ് അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, പഞ്ചായത്ത് അംഗങ്ങൾ, മറ്റ് പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തിൽ പങ്കെടുത്തു. അക്ഷയ സേവനങ്ങളും മെഡിക്കൽ ക്യാമ്പും അദാലത്തിന് അനുബന്ധമായി സംഘടിപ്പിച്ചിരുന്നു.

അപകടാവസ്ഥയിലുള്ള മുളംകൂട്ടം വെട്ടിമാറ്റാൻ പരാതി പരിഹാര അദാലത്തിൽ നടപടി

എടവക ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിൽ താമസിക്കുന്ന പായോട് സ്വദേശി ജോയിയുടെ വീടിനോട് ചേർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന മുളംകൂട്ടം മുറിച്ചു മാറ്റാൻ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ നടപടിയായി. വീടിനോട് ചേർന്നുള്ള സർക്കാർ വക പൊലീസ് ഭൂമിയിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന മുളംകൂട്ടങ്ങൾ വീടിനു മുകളിലേക്ക് ഒടിഞ്ഞുവീഴാറായ അവസ്ഥയിലാണുള്ളത്. ശക്തമായ മഴയോ കാറ്റോ വീശിയാൽ മുളം കൂട്ടം അടുത്തുള്ള വീടുകളുടെ മേൽക്കൂരയിലേക്ക് മറഞ്ഞുവീഴും. മുളകൾ വെട്ടി മാറ്റുന്നതിനായി മാനന്തവാടി പോലീസ് സ്റ്റേഷനിലും കൽപ്പറ്റ ജില്ലാ പോലീസ് മേധാവിക്കും അപേക്ഷ നൽകിയതായും ഇതുവരെ നടപടിയൊന്നും ആയില്ലെന്നും ജോയി പറഞ്ഞു.

അങ്ങനെയിരിക്കെയാണ് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് എടവക ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കുന്ന വിവരം ജോയി അറിഞ്ഞത്. തൊട്ടടുത്ത വീടുകളിൽ താമസിക്കുന്ന മറ്റ് അഞ്ച് കുടുംബങ്ങളും ഉൾപ്പെടെ ജില്ലാ കളക്ടർക്ക് കൂട്ടായി പരാതി നൽകാമെന്ന് തീരുമാനിച്ചാണ് നിവേദനം തയ്യാറാക്കി ജോയി അദാലത്തിലെത്തിയത്. മുളം കൂട്ടങ്ങൾ പടർന്നു പന്തലിച്ചത്തോടെ ഇഴജന്തുകളുടെ ഉപദ്രവം വർദ്ധിച്ചുവരുന്നതായും അടിയന്തിര പരിഹാരം കണ്ടെത്തണമെന്നും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. പരാതി കേട്ട കളക്ടർ മുളംകൂട്ടം വെട്ടി മാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ അഗ്നിരക്ഷാ സേനയ്ക്കും പോലീസിനും നിർദ്ദേശം നൽകി. ഏറെ നാളായി നേരിടുന്ന പ്രശ്നം പരിഹരിച്ച ആശ്വാസത്തോടെയാണ് ജോയ് അദാലത്തിൽ നിന്നും മടങ്ങിയത്.

എമ്മാവുസ് വില്ലയിലെ കെട്ടിട നിര്‍മാണം ക്രമപ്പെടുത്താൻ നടപടി

ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായി നല്ലൂര്‍നാട് തോണിച്ചാലിൽ പ്രവര്‍ത്തിക്കുന്ന എമ്മാവൂസ് വില്ല റെസിഡൻഷ്യൽ സ്കൂളിന്റെ കെട്ടിടം ക്രമപ്പെടുത്താൻ നടപടി. പഞ്ചായത്ത് രേഖകളിൽ കെട്ടിടത്തിന്റെ വിസ്തീര്‍ണം തെറ്റായി രേഖപ്പെടുത്തിയത് മൂലമുണ്ടായ പ്രതിസന്ധി ചൂണ്ടിക്കാട്ടി എമ്മാവൂസ് വില്ല സെക്രട്ടറി പീറ്റര്‍ദാസ് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ പരാതി നൽകുകയായിരുന്നു. 2005ൽ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് പഞ്ചായത്ത് നമ്പര്‍ അനുവദിക്കുകയും ഇക്കാലം വരെയും ഫിറ്റ്നസ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വര്‍ഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി പരിശോധന നടത്തിയപ്പോഴാണ് കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന് പഞ്ചായത്ത് അറിയിച്ചത്.

പഞ്ചായത്ത് രേഖകളിൽ കെട്ടിടത്തിന്റെ വിസ്തീര്‍ണം രേഖപ്പെടുത്തിയതിലുള്ള പിഴവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പരാതി പരിഗണിച്ച എഡിഎം തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കെട്ടിടത്തിന് അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയ ശേഷം നിര്‍മാണം ക്രമീകരിച്ചുനൽകാമെന്ന് പഞ്ചായത്ത് അറിയിച്ചു. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ സ്കൂൾ അധികൃതര്‍ക്കും നിര്‍ദേശം നൽകി.