ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. അഞ്ചാം വാർഡിലെ ചെറുവാരണം കയർ മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ സി പി ദിലീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ അധ്യക്ഷനായി. പഞ്ചായത്തംഗം റ്റി പി കനകൻ, മെഡിക്കൽ ഓഫീസർ ഡോ. ടി ചിത്ര, സൊസൈറ്റി പ്രസിഡന്റ് എൻ കെ നടേശൻ, ഡോ. ശ്രീദേവി, ഡോ. ദേവി, തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് നടന്ന ഫുഡ് ഫെസ്റ്റിൽ നാട്ടിൻപുറങ്ങളിൽ ലഭിക്കുന്ന ഔഷധ ഗുണമുള്ള വിഭവങ്ങൾ, ആയുർവേദ വിധിപ്രകാരം തയ്യാറാക്കിയ പോഷകാഹാരങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ടായിരുന്നു. അങ്കണവാടി, ആശ, ആരോഗ്യ പ്രവർത്തകരാണ് പോഷകാഹരങ്ങൾ പ്രദർശനത്തിനായി ഒരുക്കിയത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.