സംസ്ഥാനത്ത് തടവുകാരുടെ എണ്ണത്തില്‍ കുറവാണ് ഉണ്ടാകുന്നതെന്നും ഇത് സാമൂഹ്യസുരക്ഷയുടെ കാര്യത്തിലെ ശുഭലക്ഷണമാണെന്നും ജയില്‍ മേധാവി ഡി.ജി.പി ആര്‍.ശ്രീലേഖ പറഞ്ഞു. മുട്ടത്ത് ജില്ലാ ജയില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങ് ഉദ്ഘാടനം  ചെയ്യുകയായിരുന്നു അവര്‍.  കഴിഞ്ഞ രണ്ടുവര്‍ഷമായി തടവുകാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച രീതിയിലാണ് നടക്കുന്നതെന്നും നിരവധി തൊഴിലധിഷ്ഠിത പരിപാടികള്‍ അവരെ പരിശീലിപ്പിക്കുന്നുണ്ടെന്നും ശ്രീലേഖ പറഞ്ഞു. തടവുകാരില്‍ മാനസിക പരിവര്‍ത്തനം നടത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ സ്തുത്യര്‍ഹ സേവനം നടത്തുന്ന ജയില്‍ ഉദ്യോഗസ്ഥരെ അവര്‍ പ്രശംസിച്ചു. മുട്ടത്തെ ജില്ലാ ജയിലില്‍ ഓരോ സെല്ലിലും 10ല്‍ താഴെ തടവുകാരെയെ പാര്‍പ്പിക്കേണ്ട ആവശ്യമുണ്ടാകൂ എന്നും എല്ലാ സൗകര്യങ്ങളും ജയിലിന് ഉണ്ടെന്നും അവര്‍ പറഞ്ഞു. മലമ്പുഴയിലും മലപ്പുറത്തെ തവന്നൂരിലും പുതിയ ജയിലുകളുടെ നിര്‍മാണം പൂര്‍ത്തിയായെന്നും അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുമെന്നും ശ്രീലേഖ പറഞ്ഞു. ചടങ്ങില്‍ മധ്യമേഖല ഡി.ഐ.ജി സാം തങ്കയ്യന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം ഔസേപ്പ് ചാരക്കുന്നേല്‍, കോട്ടയം ജില്ലാ ജയില്‍ സൂപ്രണ്ട് പി.വിജയന്‍, ഇടുക്കി ജില്ലാ ജയില്‍ സൂപ്രണ്ട്  കെ.ബി അന്‍സാര്‍, പീരുമേട് സബ്ജയില്‍ സൂപ്രണ്ട് അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുട്ടം കോടതി സമുച്ചയത്തിനടുത്താണ് ജില്ലാ ജയില്‍. നാലുകെട്ടിന്റെ രീതിയില്‍ നിര്‍മിച്ച ജയിലില്‍ 21 സെല്ലുകളാണ് ഉള്ളത്. വനിതാ തടവുകാര്‍ക്കായി നാലുസെല്ലുകളുണ്ട്. 280 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ജയിലിനുള്ളത്.