അടിമാലി ഗ്രാമപഞ്ചായത്തിലെ ആദ്യ സ്മാര്‍ട്ട് പ്രാഥമിക വിദ്യാലയമെന്ന നേട്ടം കൈവരിച്ച് ഇരുമ്പുപാലം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ സ്‌കൂളിന്റെ ഹൈടെക് പ്രഖ്യാപനം ജില്ലാപഞ്ചായത്ത് അംഗം ഇന്‍ഫന്റ് തോമസ് നിര്‍വ്വഹിച്ചു. ഹൈടെക് സംവിധാനങ്ങളൊരുക്കിയ ക്ലാസ് മുറികള്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുമെന്നും വിദ്യാര്‍ത്ഥികളുടെ ഭൗതികവും കലാ- കായികപരമായ നേട്ടങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നും ഇന്‍ഫന്റ് തോമസ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നവീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സ്‌കൂളില്‍ നടന്നു. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി വേലായുധനും സ്‌കൂളിലെ മീഡിയാ റൂമിന്റെ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മേരി യാക്കോബും സ്പോര്‍ട്സ് ഗ്യാലറിയുടെ ഉദ്ഘാടനം എ ഇ ഒ ഷൈനി ഹബീബും ലൈബ്രറിയുടെ ഉദ്ഘാടനം ബി പി ഒ ഗംഗാധരനും സയന്‍സ് ലാബ് ഉദ്ഘാടനം പി റ്റി എ വൈസ് പ്രസിഡന്റ് അബ്ദുള്‍ സലാം, മിനി ഹാളിന്റെ ഉദ്ഘാടനം എം.ബി മക്കാര്‍ എന്നിവരും നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി റ്റി എ പ്രസിഡന്റ് അനൂപ് കോച്ചേരി അധ്യഷത വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത്, എസ് എസ് എ, സ്‌കൂള്‍ പി റ്റി എ, വ്യാപാരി വ്യവസായ സമിതി, സര്‍വ്വീസ് സഹകരണ ബാങ്ക്, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരുടെ മികച്ച പിന്തുണയും സ്‌കൂളിന്റെ വികസനത്തിന് നിര്‍ണായക പങ്കുവഹിച്ചതായും ട്രൈബല്‍ സെറ്റില്‍മെന്റിലടക്കമുള്ള 125 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം കൂടുതല്‍ മികച്ച രീതിയില്‍ നടത്താനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നതെന്നും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുഹമ്മദ് ഫൈസല്‍ പറഞ്ഞു. പി റ്റി എ അംഗങ്ങള്‍ അധ്യാപകര്‍, സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
