വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇരിട്ടി, പേരാവൂർ ബ്ലോക്ക് പഞ്ചായത്തും ഇരിട്ടി, മട്ടന്നൂർ നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച മിനി ജോബ് ഫെയറിൽ വിവിധ ജോലികളിലേക്ക് 55 പേർക്ക് നിയമനം ലഭിച്ചു. 175 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. ചാവശ്ശേരി ഗവ ഹൈസ്‌കൂളിൽ 25 കമ്പനികളിലേക്ക് നടന്ന അഭിമുഖത്തിൽ 400 ൽ പരം തൊഴിൽ അന്വേഷകരാണ് പങ്കെടുത്തത്. പത്താം തരം, വി എച്ച് എസ് സി, ബിരുദ-ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്കും മെഡിക്കൽ, പാരാമെഡിക്കൽ, ഐ ടി ഐ, പോളിടെക്‌നിക്, ബിടെക് പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും മേളയിൽ അവസരമുണ്ടായിരുന്നു.

തൊഴിലന്വേഷകർക്ക് സർക്കാരിതര മേഖലകളിലെ പ്രാദേശിക തൊഴിലസരങ്ങൾ ലഭ്യമാക്കാൻ വിജ്ഞാന കേരളം പദ്ധതി മുഖേന ബ്ലോക്ക് പഞ്ചായത്ത് തലത്തിലുള്ള ജില്ലയിലെ ആറാമത് മിനി ജോബ് ഫെയറാണ് ഇരിട്ടിയിൽ നടന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ജോബ് ഫെയർ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലാധുധൻ അധ്യക്ഷത വഹിച്ചു. ഓണത്തിന് ഒരു ലക്ഷം തൊഴിൽ എന്ന കുടുംബശ്രീ ക്യാമ്പയിനും തുടരുകയാണ്.

കില ഫാക്കൽറ്റി പി.വി രാമകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ, വിജ്ഞാന കേരളം ജില്ലാ കോ ഓർഡിനേറ്റർ ഡോ. എം സുർജിത്, ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ജി പി സൗമ്യ, ഇരിട്ടി നഗരസഭാ സെക്രട്ടറി കെ അൻഷിദ്, വിജ്ഞാന കേരളം കെ ആർ പി മാർ, ബ്ലോക്ക്, ഗ്രാമ, മുനിസിപ്പൽ ജീവനക്കാർ, എൻഎസ്എസ് വളണ്ടിയർമാർ, ഹെൽത്ത് ജീവനക്കാർ, ആശാവർക്കർമാർ, പിടിഎ ഭാരവാഹികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.