വാഴത്തോപ്പ്- ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആദ്യകാല റോഡായ മണിയാറന്‍കുടി – കൈതപ്പാറ – ഉടുമ്പന്നൂര്‍ റോഡ് നിലവിലുള്ള വീതിയില്‍ നിര്‍മ്മിക്കുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായെന്ന് മന്ത്രി റോഷി അഗസ്റ്റിന്. റോഡ് നിര്‍മ്മാണത്തിനായി നീക്കി വെച്ചിട്ടുള്ള തുക റദ്ദ് ആയി പോകാതിരിക്കാന്‍ അനുഭാവ പൂര്‍വമായ നടപടികള്‍ വേണം എന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്ത്് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ റോഡിന്റെ ഭൂരിഭാഗവും വനമേഖലയിലൂടെയാണ് കടന്ന് പോകുന്നത്. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിനു 16.40 കോടി രൂപ അനുവദിച്ചു ടെന്‍ഡര്‍ നല്‍കിയിരുന്നു. പി.എം.ജി.എസ്.വൈ മാര്‍ഗ്ഗരേഖ അനുസരിച്ചു കുറഞ്ഞത് ആറ് മീറ്റര്‍ വേണമെന്ന് അറിയിച്ചതോടെ നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി റവന്യു ഭൂമി നല്കുന്നതിനു തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് മറയൂര്‍ കാന്തല്ലൂര്‍ വില്ലേജില്‍ പകരം സ്ഥലം കണ്ടെത്തുകയും സര്‍വെ ചെയ്തു ഭൂമി കൈമാറ്റത്തിന് നടപടി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ വനഭൂമി വിട്ടുകിട്ടുന്നതിനു പരിവേഷ് സൈറ്റ് മുഖേന അപേക്ഷയിലെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് ബാംഗ്ലൂര്‍ ആസ്ഥാനമായ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ മേഖലാ ഓഫീസാണ്. അനുമതി താമസിക്കുന്നത് മൂലം റോഡിന് അനുവദിച്ചിട്ടുള്ള തുക നഷ്ടമാകുന്ന സാഹചര്യം വന്നതിനാലാണ് നിലവിലുള്ള റോഡിനെ പ്രയോജനപ്പെടുത്തി നിര്‍മ്മാണം നടത്തുന്നതിന് തീരുമാനം എടുത്തത് 3.75 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യുന്നതിനാണ് നിലവില്‍ അനുമതി നല്‍കുക.18 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് റോഡിനുള്ളത് . പരിവേഷ് സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ നിലനിര്‍ത്തികൊണ്ട് തന്നെ നിലവില്‍ ഉള്ള റോഡ് നവീകരണത്തിന് കോതമംഗലം ഡി എഫ് ഓ അംഗീകാരം നല്‍കും. ഇതിനായി പി.എം.ജി.എസ്.വൈ മുഖേന പുതിയ അപേക്ഷ നല്കി നടപടികള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഇവ ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിച്ച് നല്‍കുമെന്ന് ഡി എഫ് ഓ യോഗത്തില്‍ അറിയിച്ചു.
നിര്‍മ്മാണ തടസം നീക്കി മുന്നോട്ട് പോകാന്‍ കഴിയുന്നതോടെ ചെറുതോണി ഭാഗത്ത് നിന്നും 40 കിലോമീറ്ററില്‍ താഴെ ദൂരം സഞ്ചരിച്ചാല്‍ തൊടുപുഴ എത്തി ചേരാന്‍ സാധിക്കും. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ നിര്‍മ്മാണം ആരംഭിക്കാനാണ് തീരുമാനം.
ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എം. മണി എം.എല്‍എ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍,വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സിജി ചാക്കോ, കോതമംഗലം ഡി എഫ് ഓ സൂരജ് ബെന്‍, പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിജു ചന്ദ്രന് ആര്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ് ,പി.എം.ജി.എസ്.വൈ സുദിന ,ഡെപ്യൂട്ടി കളക്ടര്‍ ജോസുകുട്ടി കെ.എം , ഇടുക്കി തഹസില്‍ദാര്‍ റെനി ജോസ്, ജില്ലാ ഹെഡ് സര്‍വേയര്‍ എസ് ബിനു ആനന്ദ് ,ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.എന്‍. റഷീദ് തുടങ്ങിയവരുടെ സാനിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് റോഡിന്റെ വീതി നിജപ്പെടുത്തി നിര്‍മ്മാണവുമായി മുന്നോട്ട് പോകാന്‍ തീരുമാനം എടുത്തത്. രാഷ്ട്രീയത്തിന് അതീതമായി ജനപ്രതിനിധികളും നാട്ടുകാരും വിവിധ സംഘടനകളും ഒരേ മനസോടെ മുന്നോട്ട് പോയതിനാലാണ് റോഡ് യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിന്,അഡ്വ ഡീന്‍ കുര്യാക്കോസ് എംപി എന്നിവര്‍ പറഞ്ഞു.
