പോഷകരാജ്ഞി, ഫുഡ് സിഗ്നൽ, ഫുഡ് പിരമിഡ് തുടങ്ങിയ രസകരമായ പേരുകളാൽ അറിവും കൗതുകമുണർത്തി പോഷൺ മാ പ്രോഗ്രാം സ്റ്റാൾ. മാർ ഗ്രിഗോറിയസ് ഓഡിറ്റോറിയത്തിൽ നടന്ന പുന്നപ്ര തെക്ക് പഞ്ചായത്തിലെ വികസന സദസ്സിലെ വനിത, ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ പ്രദർശന സ്റ്റാളാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായത്.

‘പോഷകരാജ്ഞി’ എന്ന പേരിൽ മുരിങ്ങയില, ചെറുപയർ, ചോളം, ഗോതമ്പ്, ഉഴുന്ന് എന്നിവയാൽ ഒരുക്കിയ ബാർബി ഡോളിന്റെ രൂപം സ്റ്റാളിൻ്റെ കവാടത്തിൽ തന്നെ കാഴ്ച്ചക്കാരിൽ കൗതുകമുണർത്തി. വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാരങ്ങ, വെണ്ട, ബീറ്റ്റൂട്ട്, ക്യാരറ്റ്, പച്ചമുളക് എന്നീ പച്ചക്കറികൾ ഉപയോഗിച്ച് നിർമ്മിച്ച നിലവിളക്കും പ്രദർശനത്തിൽ ശ്രദ്ധേയമായി. ശരീരത്തിന് കൂടുതൽ ആവശ്യമുള്ള പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയിൽ തുടങ്ങി ഏറ്റവും കുറവ് ആവശ്യമുള്ള പഞ്ചസാര, എണ്ണ തുടങ്ങിയവയെപ്പറ്റി വിവരിക്കുന്ന ഫുഡ് പിരമിഡ്, യഥേഷ്ടം കഴിക്കേണ്ടവ, അത്യാവശ്യം കഴിക്കാവുന്നവ, കഴിക്കാൻ പാടില്ലാത്തവ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഫുഡ് സിഗ്നൽ എന്നിവയും പ്രദർശനത്തിൽ ഒരുക്കിയിരുന്നു.

പോഷക സമൃദ്ധി ലക്ഷ്യമിട്ടുള്ള പോഷൺ മാ മാസാചരണത്തിന്റെ ഭാഗമായി നാടൻ ഭക്ഷ്യവസ്തുക്കളും സന്ദർശകരെ പരിചയപ്പെടുത്തി. ചെറിയ കുട്ടികൾക്ക് നൽകുന്ന കുറുക്ക് രൂപത്തിലുള്ള ഭക്ഷ്യവസ്തുക്കൾ, അങ്കണവാടികളിലെ പുതിയ പരിഷ്കരിച്ച മെനു, അമൃതം പൊടി ഉപയോഗിച്ചുള്ള വ്യത്യസ്ത വിഭവങ്ങൾ, ജീവിതശൈലി രോഗങ്ങൾ തടയുന്ന മില്ലറ്റ്, മുളപ്പിച്ച വിവിധ പയർ വർഗ്ഗങ്ങൾ എന്നിവയും പോഷൺ മാ പ്രോഗ്രാം പ്രദർശന സ്റ്റാളിൽ ഒരുക്കിയിരുന്നു. വികസന സദസ്സിലെത്തിയവർക്ക് നല്ല ആരോഗ്യ ശീലങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സ്റ്റാളിലൂടെ സാധിച്ചു. അമ്പലപ്പുഴ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ പുന്നപ്ര തെക്ക് പഞ്ചായത്തിലെ അങ്കണവാടികളാണ് പോഷകാഹാര ബോധവത്ക്കരണം എന്ന നിലയിൽ സ്റ്റാൾ ഒരുക്കിയത്.