കിടപ്പുരോഗികള്‍ക്കും സാന്ത്വനചികില്‍സ ആവശ്യമുള്ളവര്‍ക്കും കരുതലും ആതുരസേവന സൗകര്യങ്ങളുമൊരുക്കി കാവാലം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യകേന്ദ്രം പാലിയേറ്റീവ് ചികിത്സയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാസം ശരാശരി 130 രോഗികള്‍ക്കാണ് പഞ്ചായത്തില്‍ നിന്ന് വീട്ടിലെത്തി പരിചരണം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പദ്ധതിവഴി നിയോഗിച്ച പാലിയേറ്റീവ് നഴ്‌സ്, വാഹനം തുടങ്ങിയ സൗകര്യങ്ങള്‍ ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്. പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ ജില്ലാ പഞ്ചായത്തില്‍ നിന്നും ഒരു ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഇതിനായി ചെലവഴിക്കുന്നുണ്ട്. പദ്ധതിയിലൂടെ രോഗികള്‍ക്ക് വീല്‍ചെയര്‍, ഡയപ്പര്‍ തുടങ്ങിയവ ആവശ്യാനുസരണം സൗജന്യമായി നല്‍കിവരുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് വിഭാഗത്തിന്റെ സേവനങ്ങളും ജീവനക്കാരുടെ ഇടപെടലുകളും പഞ്ചായത്തില്‍ സജീവമാണ്.

പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സമഗ്രമായ ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിനു കീഴിലുള്ള കാവാലം പ്രാഥമികാരോഗ്യകേന്ദ്രം ഈയിടെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയും ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പഞ്ചായത്ത് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. 56.50 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെയാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിച്ചത്. ബ്ലഡ് കൗണ്ട് നോക്കുന്നതിനുള്ള 3-ഭാഗ ഹെമറ്റോളജി അനലൈസര്‍, രോഗനിര്‍ണയത്തിനായി രക്തസാമ്പിളുകള്‍ പരിശോധിക്കുന്ന  മെറിലൈസര്‍ അടക്കമുള്ള ഉപകരണങ്ങളും ഒ പി കൗണ്ടര്‍, ലാബ്, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. ദിവസം ശരാശരി 175ഓളം പേര്‍ ചികിത്സയ്ക്കായി കേന്ദ്രത്തെ ആശ്രയിക്കുന്നു. ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, അഞ്ച് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍, ഒരു പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് എന്നിവരുടെ സേവനം ഇവിടെനിന്ന് ലഭിക്കും.

ജീവിതശൈലിരോഗങ്ങള്‍, മൂത്രപരിശോധന, പനി തുടങ്ങിയ പരിശോധനകള്‍ ലാബില്‍ ലഭ്യമാണ്. മാനസികാരോഗ്യ സംരക്ഷണത്തിന് മാസത്തിലൊരിക്കല്‍ നടത്തുന്ന ഒപിയും നിരവധി രോഗികള്‍ക്ക് ആശ്വാസമാണ്. നിലവില്‍ ഇവിടെ 42 രോഗികള്‍ക്ക് ചികില്‍സ നല്‍കുന്നുണ്ട്. ഗ്രാമീണ മേഖലയിലെ പൊതുജനാരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് കാവാലം പഞ്ചായത്ത് നടത്തിക്കൊണ്ടിരിക്കുന്നത്