പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പെരളശ്ശേരി ടൗണിൽ നിർമിച്ച രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയ ഒരു സെന്റ് സ്ഥലത്ത് ഗ്രാമപഞ്ചായത്തിന്റെ ആറ് ലക്ഷം രൂപ വികസന ഫണ്ടും ശുചിത്വമിഷന്റെ 2,10,000 രൂപയുമടക്കം 8,10,000 രൂപ ചെലവഴിച്ചാണ് രണ്ട് നിലകളോട് കൂടിയ വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികൾ, കഫ്റ്റീരിയ എന്നിവയോട് കൂടിയതാണ് വിശ്രമകേന്ദ്രം. കഫ്റ്റീരിയ നടത്തിപ്പുകാർക്കായിരിക്കും കേന്ദ്രത്തിന്റെ പരിപാലനം.

പഞ്ചായത്തിനു കീഴിൽ കോട്ടത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയതും കഫ്റ്റീരിയ ഉൾപ്പെടുന്നതുമായ വഴിയോര വിശ്രമ കേന്ദ്രം നിലവിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ടൗണിൽ തന്നെ വഴിയോര വിശ്രമ കേന്ദ്രം വരുന്നതോടെ യാത്രക്കാർക്കും സമീപത്തെ കച്ചവടക്കാർക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും വലിയ ആശ്വാസമാകും. ഒക്ടോബർ അവസാനത്തോടെ മുഴുവൻ പ്രവൃത്തികളും പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. ഷീബ പറഞ്ഞു.