സംസ്ഥാന സർക്കാരിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന- ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നാടിൻ്റെ ഭാവി വികസനത്തിന് രൂപം നൽകാൻ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനും കരുവാറ്റ ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. കുമാരപുരം ഗവ. എൽ പി സ്കൂളിൽ (കടുവൻകുളങ്ങര എൽ.പി.സ്‌കൂൾ ആശ്വാസകേന്ദ്രം) ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു സദസ്സ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനം, സർക്കാരിൻ്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് അവതരണം, വിവിധ വ്യക്തികളെ ആദരിക്കൽ, ചർച്ച, ചർച്ചകളുടെ ക്രോഡീകരണം, ഭരണ നേട്ടങ്ങളുടെ ചിത്ര പ്രദർശനം എന്നിവ സദസ്സിൻ്റെ ഭാഗമായി നടന്നു. മാലിന്യമുക്ത പ്രതിജ്ഞയോടെയാണ് വികസന സദസ്സിന് തുടക്കമായത്.
‘അഴകോടെ കരുവാറ്റ – സമർപ്പിത ജനത’ എന്ന പേരിൽ പഞ്ചായത്ത് നടപ്പിലാക്കിയ മാലിന്യമുക്ത നവകേരളം കാമ്പയിനിലൂടെ ഹരിതകർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തി വീടുകളിലും സ്ഥാപനങ്ങളിലും സേവനം ഉറപ്പുവരുത്തിയതും പഞ്ചായത്തിലെ ഏറ്റവും രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഒഴികെ പരിഹാരം കാണുന്നതിന് സാധിച്ചതും സദസ്സ് ചൂണ്ടിക്കാട്ടി. ഏറ്റെടുത്ത ഏഴ് കുടിവെള്ള പദ്ധതികളിൽ അഞ്ചെണ്ണം പൂർത്തീകരിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും വീട് യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്നു. കാർഷിക മേഖലയിൽ ഇടവിള, പൂക്കൾ,വാഴ, എള്ള്, പച്ചക്കറി എന്നിവ തുടർച്ചയായി കൃഷി ചെയ്യുന്നതിന് പദ്ധതികളും ഏറ്റെടുത്തു. കുടുംബാരോഗ്യ കേന്ദ്രം, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലൂടെ മികവുറ്റ ചികിത്സ ഉറപ്പുവരുത്തുകയും കിടപ്പുരോഗികളെ പതിവായി വീടുകളിൽ സന്ദർശിച്ച് പരിചരിക്കുകയും ചെയ്തുവരുന്ന പദ്ധതിയുടെ വിപുലീകരണവും യോഗം ചർച്ച ചെയ്തു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പൊന്നമ്മ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹയിൽ നിന്ന് പ്രോഗ്രസ്സ് റിപ്പോർട്ട് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ രംഗനാഥക്കുറുപ്പ് ഏറ്റുവാങ്ങി. റിസോഴ്സ് പേഴ്സൺ യു കെ റോണി സംസ്ഥാന സർക്കാരിൻ്റെ വികസന- ക്ഷേമ പ്രവർത്തനങ്ങളും പഞ്ചായത്ത് സെക്രട്ടറി പി ഹരിദാസ് പഞ്ചായത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷിന്റെ നേതൃത്വത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. എം എം അനസ് അലി, കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ഭായ്, കരുവാറ്റ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ടി മോഹൻകുമാർ, ഷീബ ഓമനക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ കെ ആർ പുഷ്പ, എസ് അനിത, സിഡിഎസ് ചെയർപേഴ്സൺ എം ആർ രാജി, പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി എ എൽ ലീജ, എഡിഎസ്-സിഡിഎസ് പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേനാഗംങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം വിട്ടുനൽകിയവർ, പ്രതിഭകൾ, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സദസ്സിന്റെ ഭാഗമായി നടന്ന വിജ്ഞാന കേരളം തൊഴിൽമേളയിൽ 123 തൊഴിലന്വേഷകർ പങ്കെടുത്തു. എട്ട് കമ്പനികളിലെ വിവിധ തസ്തികകളിലേക്കാണ് അഭിമുഖം നടത്തിയത്. 52 ഓളം ഉദ്യോഗാർഥികൾ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. വികസന വീഡിയോയുടെ പ്രദർശനവും ഉണ്ടായി.
