കുറ്റ്യാടി മണ്ഡലത്തിലെ വ്യാവസായിക-തൊഴിലധിഷ്ടിത പരിശീലന സ്ഥാപനമായ വടകര ഐടിഐ ഉന്നത നിലവാരത്തിലേക്ക്. ഒന്നര പതിറ്റാണ്ടായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമായി.

വില്യാപ്പള്ളി ടൗണിലെ കെട്ടിടത്തില്‍ 2010ലാണ് വടകര ഐടിഐ പ്രവര്‍ത്തനം ആരംഭിച്ചത്. അസൗകര്യങ്ങള്‍ നിറഞ്ഞ തൊഴില്‍ പരിശീലന ശാലകളും ക്ലാസ് മുറികളും ഏറെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടവരുത്തിയിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് ഏറെക്കാലമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഉന്നയിച്ച സ്വന്തം കെട്ടിടമെന്ന സ്വപ്നം സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്.

വര്‍ക്‌ഷോപ്പ്, കമ്പ്യൂട്ടര്‍ ലാബ്, ടോയ്‌ലറ്റ് ബ്ലോക്ക്, സ്റ്റാഫ് റൂം, ക്ലാസ് റൂം, സ്റ്റോര്‍ റൂം തുടങ്ങിയവ ഉള്‍പ്പെടുന്ന നൂതന രീതിയില്‍ രൂപകല്‍പന ചെയ്ത കെട്ടിടം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. വില്യാപ്പള്ളി പഞ്ചായത്ത് വ്യവസായ എസ്റ്റേറ്റിനായി വിലക്കെടുത്ത 1.7 ഏക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

2023 ഏപ്രിലില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഇതിനായി സര്‍ക്കാര്‍ 6.96 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. 2010ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐടിഐയില്‍ മൂന്നു ട്രേഡുകളാണുള്ളത്. നിലവില്‍ 136 പേര്‍ ഇവിടെനിന്ന് പരിശീലനം നേടുന്നുണ്ട്. ഇതിനൊപ്പം ശിലാസ്ഥാപനം നടത്തിയ മണിയൂര്‍ ഐടിഐ കെട്ടിടത്തിന്റെ പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണ്. രണ്ട് മാസത്തിനകം ഇതിന്റെയും പ്രവൃത്തിയും പൂര്‍ത്തിയാകും.