നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമായി ജനങ്ങള്‍
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി
വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമായുള്ള വികസനസദസ് മരിയാപുരം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. ഇടുക്കി സാംസ്‌കാരികനിലയത്തില്‍ സംഘടിപ്പിച്ച സദസ് ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സത്യന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളിലേക്ക് വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഫലം എത്തിക്കാന്‍ സാധിക്കണം. പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും പ്രവര്‍ത്തിക്കണം.
മരിയാപുരം പഞ്ചായത്ത് ഭരണാസമിതി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും ഓരോ പ്രവര്‍ത്തനങ്ങളും സമഗ്ര വികസന പദ്ധതിയാക്കി നിര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ വികസനരേഖ പ്രകാശനവും ജില്ലാ പഞ്ചായത്തംഗം കെ. ജി സത്യന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം സാജു പോള്‍ അധ്യക്ഷത വഹിച്ചു. മരിയാപുരം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 9 വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാഗേഷ് അവതരിപ്പിച്ചു.
പഞ്ചായത്ത് പരിധിയില്‍ വ്യവസായ, വ്യാപാരസ്ഥാപനങ്ങള്‍ മാര്‍ക്കറ്റ് തുടങ്ങിയ കുറവായതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഷിക പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന പദ്ധതി വിഹിതം, എംപി, എംഎല്‍എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് എന്നിവ ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 30കോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ച തടിയമ്പാട് മഠത്തും കടവ് പാലം,ബി.എം.ആന്റ് ബി.സി നിലവാരത്തില്‍ ഇടുക്കി -നാലുമുക്ക് റോഡ്, കരിമ്പന്‍ -മുരിക്കാശ്ശേരി റോഡ്, തടിയാമ്പാട് ശാന്തിഗ്രാം റോഡ്, പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍, ഉപ്പുതോട് ഗവ.യു.പി സ്‌കൂള്‍ കെട്ടിടം, 6 അങ്കണവാടി കെട്ടിടങ്ങള്‍, വയോജനങ്ങള്‍ക്ക് വേണ്ടി പഞ്ചായത്തിലെ ഉപ്പുതോട് ഭാഗത്ത് 34 ലക്ഷം രൂപയുടെ പകല്‍ വീട്, ന്യൂമൗണ്ട് സാംസ്‌ക്കാരിക നിലയം, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ സ്‌കൂളുകള്‍, ലൈഫ് ഭവന പദ്ധതിയില്‍ 99 ഭവനരഹിതര്‍ക്ക് വീട്, യുവജന ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം, കുട്ടികള്‍ക്ക് കായിക പരിശീലനം, വികലാംഗര്‍ക്ക് സഹായ ഉപകരണങ്ങള്‍, ഉല്‍പ്പാദന മേഖലയില്‍ നെല്‍കൃഷി വികസനം,വേപ്പിന്‍പിണ്ണാക്ക് നല്‍കല്‍, ജാതി തൈ- കൊക്കോ തൈ വിതരണം, തുടങ്ങി എല്ലാ മേഖലകളുടെയും വികസനം ഉറപ്പാക്കിയുള്ള പ്രവര്‍ത്തനമാണ് നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പഞ്ചായത്തിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് പഞ്ചായത്തിലെ കുടിവെളളക്ഷാമം അനുഭവപ്പെടുന്ന ഭാഗങ്ങളില്‍ പുതിയതായി കുടിവെള്ള പൈപ്പ് ലൈന്‍ ഇടുകയും ചെയ്തിട്ടുണ്ട്.
പഞ്ചായത്തിന്റെ ഭാവി വികസനത്തിന് ഇനി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിരവധി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തില്‍ ഉയര്‍ന്നു വന്നു. പഞ്ചായത്തില്‍ മെച്ചപ്പെട്ട ഗതാഗത സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം സദസില്‍ ഉയര്‍ന്നു. പ്രധാനപ്പെട്ട പ്രദേശങ്ങളില്‍ ലൈബ്രറി, വേനല്‍ക്കാലത്തെ കുടിവെള്ളക്ഷാമ പ്രശ്‌നം, പി.എച്ച്.സിയിലെ ഡോക്ടറുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളും സംവാദത്തിലുണ്ടായി.
സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സംബന്ധിച്ച വിഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു. കെ-സ്മാര്‍ട്ടിന്റെയും വിജ്ഞാനകേരളത്തിന്റെയും ഹെല്‍പ്പ് ഡെസ്‌ക് സൗകര്യവും സൗജന്യ ആരോഗ്യപരിശോധനയും വേദിയില്‍ സജ്ജമാക്കിയിരുന്നു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആലീസ് വര്‍ഗീസ്, ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് വര്‍ഗീസ്, സെബിന്‍ വര്‍ക്കി, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
