വികസന മുന്നേറ്റങ്ങൾ വ്യക്തമാക്കിയും പൊതുജനാഭിപ്രായം സമാഹരിച്ചും മുതുകുളം ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭ സദസ്സ് ഉദ്ഘാടനം ചെയ്തു. ലൈഫ് ഭവന പദ്ധതി മുഖേന പഞ്ചായത്തിലെ ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് 2.54 കോടി രൂപ ചെലവഴിച്ചതായും 5.06 കോടി രൂപ ചെലവഴിച്ച് 95 ദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമിച്ചു നല്‍കിയതായും സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയിലൂടെ പഞ്ചായത്തിലെ ഒമ്പത് ഗുണഭോക്താക്കളെ പൂർണ്ണമായും അതിദാരിദ്ര്യ മുക്തരാക്കുകയും 2024 ൽ തന്നെ പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു.
മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യവും ആവശ്യകതയും ചൂണ്ടിക്കാട്ടി ഉറവിട മാലിന്യ സംസ്കരണത്തിന്റെ പുതിയ സംസ്കാരം വളർത്താനും പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ഡയാലിസിസ് രോഗികൾക്കുള്ള മരുന്നുകൾ, പാലിയേറ്റീവ് രോഗികൾക്ക് ആവശ്യമായ ഹോം കെയർ, പ്രമേഹ രോഗികൾക്കും കിടപ്പുരോഗികൾക്കുമിടയില്‍ ബോധവത്കരണം എന്നിവ നടപ്പാക്കി. ഹരിത കേരള മിഷൻ പഞ്ചായത്തിനെ ഹരിത ഓഫീസായി പ്രഖ്യാപിച്ചതും 2024 ൽ മുതുകുളം ഹോമിയോ ആശുപത്രിക്ക് ആയുഷ് പുരസ്കാരം ലഭിച്ചതും 100 ശതമാനം പദ്ധതിവിഹിതം ചെലവഴിച്ചതിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതും വികസന റിപ്പോർട്ടില്‍ വ്യക്തമാക്കി.
മുതുകുളം നമ്പാട്ട് മുന്നില എൻ.എസ്.എസ് ഹാളിൽ നടന്ന സദസ്സിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി ലാൽമാളവ്യ അധ്യക്ഷത വഹിച്ചു. 400 ഓളം പേർ പങ്കെടുത്ത സദസ്സിൽ പഞ്ചായത്ത് സെക്രട്ടറി എൻ അനിൽ കുമാർ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേട്ടങ്ങളും റിസോഴ്സ് പേഴ്സൺ ജി വിനോദ് കുമാർ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു.
സ്ഥിരംസമിതി അധ്യക്ഷ മഞ്ജു അനിൽകുമാർ, കില ആർ പി ചന്ദ്രബാബു, പഞ്ചായത്ത് അംഗങ്ങളായ ശുഭ ഗോപകുമാർ, സി വി ശ്രീജ, സുസ്മിത ദിലീപ്, ഹരിത കർമ്മ സേനാംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
