ആയാപറമ്പ് എച്ച് എസ് അങ്കണത്തിലെ സൈക്ലോൺ ഷെൽറ്ററിൽ സംഘടിപ്പിച്ച ചെറുതന ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. അതിദാരിദ്ര്യ നിർമ്മാജ്ജന പദ്ധതിയിലൂടെ പഞ്ചായത്തിലെ 20 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യം ഇല്ലാതാക്കിയതായി സദസ്സിൽ അവതരിപ്പിച്ച പഞ്ചായത്തിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ലൈഫ് ഭവനപദ്ധതി വഴി ഭവന രഹിത ഗുണഭോക്താക്കളിൽ 96 പേർക്ക് വീട് പൂർത്തീകരിച്ചു നൽകി. 23 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളിൽ ഏഴ് പേർക്ക് സ്ഥലം വാങ്ങി നൽകി.
ഡിജി കേരളം വഴി കണ്ടെത്തിയ 1872 പഠിതാക്കളുടെയും പരിശീലനം പൂർത്തീകരിച്ചു. പാലിയേറ്റീവ് കെയർ രംഗത്ത് ആറ് ആശുപത്രികളിലായി രജിസ്റ്റർ ചെയ്ത 349 കിടപ്പ് രോഗികൾക്ക് എല്ലാ മാസവും വീടുകളിൽ എത്തി പരിശോധന നടത്തി ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. കൂടാതെ വീൽച്ചെയർ, വാക്കർ, വോക്കിംഗ് സ്റ്റിക്ക്, വാട്ടർ ബെഡ്, എയർ ബെഡ്, ഡയാലിസിസ് കിറ്റ്, ഡയപ്പർ, മരുന്നുകൾ, ഓക്സിജൻ സിലണ്ടറുകൾ മുതലായവ ലഭ്യമാക്കി വരുന്നു.
മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി പഞ്ചായത്തിൽ രണ്ട് എം സി എഫ്, 13 മിനി എം സി എഫുകൾ, ഇലക്ട്രിക് വാഹനം, പൊതുസ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകൾ എന്നിവ സ്ഥാപിച്ചു. വികസന സദസ്സിൽ കർഷകർ, വിദ്യാർത്ഥികൾ, പ്രതിഭകൾ, ഹരിത കർമ്മ സേനാംഗങ്ങൾ, സാമൂഹികക്ഷേമ പ്രവർത്തകർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവരെ ആദരിച്ചു.
സദസ്സിന്റ ഭാഗമായി കെ-സ്മാർട്ട് ഹെല്പ് ഡെസ്ക്, സ്നേഹിത ജൻഡർ ഹെല്പ് ഡെസ്ക് സംവിധാനങ്ങളും ഒരുക്കി. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിൽ 152 പേർ രജിസ്റ്റർ ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ശോഭന അധ്യക്ഷനായി. പ്രോഗ്രസ്സ് റിപ്പോർട്ട് പഞ്ചായത്തംഗം മായാദേവി പ്രകാശനം ചെയ്തു. റിസോഴ്സ് പെഴ്സൺ ആർ രഞ്ജിത്ത് സംസ്ഥാന സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങളും പഞ്ചായത്ത് സെക്രട്ടറി പി ശ്രീദേവി അമ്മ പഞ്ചായത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു.
ഓപ്പൺ ഫോറം ആസൂത്രണ സമിതി അംഗം സി. പ്രസാദ് നയിച്ചു. ജില്ലാ പഞ്ചായത്തംഗം എ ശോഭ, ബ്ലോക് പഞ്ചായത്ത് അംഗം പ്രസാദ് കുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിനു ചെല്ലപ്പൻ, നിസാർ അഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ സ്മിതമോൾ വർഗീസ്, ശ്രീകല സത്യൻ, സി ഡി എസ് ചെയർപേഴ്സൺ പി പ്രതീക്ഷ, സി ഡി എസ് വൈസ് ചെയർപേഴ്സൺ എസ് സിന്ധു മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 400 ഓളം പേർ പങ്കെടുത്ത സദസ്സിന്റെ ഭാഗമായി വിജ്ഞാന കേരളം തൊഴിൽമേളയും സംഘടിപ്പിച്ചു.
50 ഓളം തൊഴിലന്വേഷകരും എട്ടു കമ്പനികളും പങ്കെടുത്ത തൊഴിൽമേളയിൽ നിന്ന് 26 ഉദ്യോഗാർഥികൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു.
