* തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം: സ്പീക്കർ
തീർത്ഥാടന ടൂറിസത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി കതിരൂർ പഞ്ചായത്തിലെ സൂര്യനാരായണ ക്ഷേത്രത്തെ ലോകഭൂപടത്തിൽ എത്തിക്കണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ചുമർചിത്ര പദ്ധതി കതിരൂർ സൂര്യക്ഷേത്രത്തിന് സ്വന്തമാണ്. 40 പാനലുകളിലായി 20,400 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന ചുമർചിത്രം ലോക ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിക്കണം. കളരി അക്കാദമി യാഥാർത്ഥ്യമാകുമ്പോൾ കതിരൂരിലെ ആയുർവേദ ചികിത്സാ സെന്ററും അനുബന്ധ മേഖലകളും വളരും.
പൊന്ന്യത്തങ്കമാണ് കതിരൂർ പഞ്ചായത്തിനെ ദേശീയ ശ്രദ്ധയാകർഷിക്കാൻ സാധിക്കുന്ന മറ്റൊരു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡിൽ ഉൾപ്പെടുത്തി കതിരൂർ ഗ്രാമപഞ്ചായത്തിനായി അനുവദിച്ച എട്ട് റോഡുകളുടെ പ്രവൃത്തി, ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ വിവിധ റോഡുകളുടെ ഉദ്ഘാടനം എന്നിവയും സ്പീക്കർ നിർവഹിച്ചു. ജി.ഐ.എസ് മാപ്പിങ് പ്രവൃത്തി പൂർത്തിയാക്കിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജീവനിക്കാർക്കുള്ള ഉപഹാരം സ്പീക്കർ കൈമാറി.
ഗ്രാമപഞ്ചായത്തിന്റെ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജിത്തു കോളയാട്, ഷാനി സത്യൻ എന്നിവർക്കും പഞ്ചായത്തിന്റെ വികസന സദസ്സ് വിജയിപ്പിക്കാൻ നേതൃത്വം നൽകിയ കുടുംബശ്രീ സിഡിഎസ് ജനകീയ ഹോട്ടൽ ജീവനക്കാർക്കും വികസന സദസിന്റെ ഭാഗമായുള്ള ഡിജിറ്റൽ രജിസ്ട്രേഷന് നേതൃത്വം നൽകിയ കെ പി സജീന്ദ്രൻ, കെ പി തസ്നി, കെ പി വർണ്ണ, വൈഷ്ണവ്, ആതിര ഗോപൻ എന്നിവർക്കും സ്പീക്കർ ഉപഹാരം കൈമാറി.
കതിരൊളി എന്ന പേരിൽ അഞ്ചു ദിവസത്തോളം ഉത്സവ പ്രതീതിയിലാണ് സദസ്സ് നടന്നത്.വികസന നേട്ടങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി എ എൻ മഞ്ജുഷ അവതരിപ്പിച്ചു. വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോര്‍ട്ട് കില ജില്ലാ റിസോഴ്സ് പേഴ്സണ്‍ കെ പി സജീന്ദ്രൻ അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശിപ്പിക്കുകയും പ്രോഗ്രസ് റിപ്പോര്‍ട്ട് വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ അവതരിപ്പിച്ചു.
വിവിധ മേഖലകളിലെ ജനവിഭാഗങ്ങളുടെ പ്രത്യേകം സംഗമങ്ങളും സെമിനാറുകളും സംഘടിപ്പിച്ചാണ് വികസനസദസ്സ് പൂർത്തിയായത്. വയോജന സംഗമം, തൊഴിലുറപ്പ് മേഖലയിലെ തൊഴിലാളികളുടെയും ഗുണഭോക്താക്കളുടെയും സംഗമം, കർഷകസംഗമം, ദൃശ്യ മാധ്യമ രംഗത്തെ പ്രവർത്തകർക്കുള്ള ആദരവ്, ഭിന്നശേഷി-പാലിയേറ്റീവ് സംഗമം, കായിക സംഗമം, ബാലസഭ ക്യാമ്പ്, സഹകരണ സെമിനാർ, ജോബ് ഫെയർ, കുടുംബശ്രീ കലാമേള, അങ്കണവാടി കലോത്സവം, കെ ഷീൽഡ് എന്ന പേരിൽ നടപ്പിലാക്കിവരുന്ന ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസ്സ്, ഹരിതകർമ്മ സേന അംഗങ്ങളെ ആദരിക്കൽ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഗമം, സംസ്ഥാന ചിത്രകലാ ക്യാമ്പ്, കതിരൂർ വികസന കോൺക്ലേവ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സനിൽ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി രാജ്, പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ടി റംല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ പി റംസീന, പി കെ സാവിത്രി, അസിസ്റ്റന്റ് സെക്രട്ടറി എം സുഗതൻ, സംഘാടകസമിതി ജനറൽ കൺവീനർ കെ വി പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.
നിർദേശങ്ങളുമായി ഓപ്പൺ ഫോറം
കൂടുതല്‍ വികസിതമായ കതിരൂർ എന്ന ലക്ഷ്യം കൈവരിക്കാന്‍ പൊതുജനങ്ങള്‍ അവതരിപ്പിച്ച നിര്‍ദേശങ്ങളും ആശയങ്ങളുമായി കതിരൂർ ഗ്രാമപഞ്ചായത്തിന്റെ വികസനസദസ്സ് ഓപ്പണ്‍ ഫോറം സജീവമായി. ക്ഷീര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകരുടെ സഹകരണത്തോടെ കതിരൂർ മിൽക്ക് എന്ന ബ്രാൻഡിൽ വിപണനം നടത്താനാവണം, തരുവണത്തെ കൈത്തറി കേന്ദ്രം ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി വികസിപ്പിച്ച് ഉൽപന്നങ്ങൾ ലോക മാർക്കറ്റിൽ എത്തിക്കാനുള്ള രൂപരേഖ തയ്യാറാക്കണം, പൊന്ന്യം നേന്ത്രൻ ഉല്പാദിപ്പിക്കുന്ന കർഷകരുടെ സൊസൈറ്റി രൂപീകരിച്ച് പൊന്ന്യം നേന്ത്രൻ ലോക മാർക്കറ്റുകളിൽ എത്തിക്കണം തുടങ്ങിയ നിരവധി നിർദേശങ്ങളും ആശയങ്ങളും വികസന സദസ്സില്‍ ചര്‍ച്ചയായി.
ഇത് കതിരൂരിന്റെ വികസന മോഡൽ
കളരിചുവടിലും മെയ് വഴക്കത്തിലും മാത്രമല്ല നാടിന്റെ വികസനത്തിലും കതിരൂർ കുതിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ 100 കോടിയുടെ വികസന പദ്ധതികളാണ് കതിരൂർ പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടുള്ളത്.
കേരളത്തിലാദ്യമായി വനിതകൾക്ക് മാത്രമായി ഒരു ഫിറ്റ്നെസ് സെന്റർ ‘ബി സ്ട്രോങ്ങ്’ പഞ്ചായത്തിലാരംഭിച്ചു. രാജ്യത്ത് തന്നെ ആദ്യമായി പഞ്ചായത്ത് തലത്തിൽ ഒരു സ്ഥിരം ആർട്ട് ഗാലറി സ്ഥാപിച്ചു. ട്രാൻസ്ജെൻഡറിന് വീട് നിർമ്മിച്ച് നൽകിയത് കേരളത്തിലെ ആദ്യത്തെ മാതൃകാ പ്രവർത്തനമാണ്. ദേശീയ ശ്രദ്ധാകർഷിച്ച ഏഴു ദിവസം നീണ്ടുനിൽക്കുന്ന പൊന്ന്യത്തങ്കം കളരി ഉത്സവവും കതിരൂറിനെ ടൂറിസം ടെസ്റ്റിനേഷനാക്കാൻ സാധിച്ചു. കളരി അക്കാദമി മ്യൂസിയ നിർമ്മാണ പ്രവൃത്തികളും പഞ്ചായത്തിൽ ആരംഭിച്ചു. ഉറവ എന്ന പേരിൽ നടത്തിയ ജലസംരക്ഷണ പ്രവർത്തനം നീരുറവ എന്ന കേരള മോഡൽ പദ്ധതിയിലേക്ക് വഴി തുറന്നു.
ആരോഗ്യപരിപാലനത്തിന് മാതൃക പഞ്ചായത്തായി ആർദ്രകേരളം ഉൾപ്പെടെ ദേശീയ സംസ്ഥാനതല പുരസ്കാരങ്ങളുടെ അംഗീകാരപെരുമയിലാണ് കതിരൂർ കുടുംബാരോഗ്യ കേന്ദ്രം. ദേശീയ തലത്തിൽ അവാർഡുകൾ കരസ്ഥമാക്കിയ ഫാമിലി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആരോഗ്യ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. കിടപ്പ് രോഗികൾക്ക് സാന്ത്വന പരിചരണത്തിനായി 55 ലക്ഷം രൂപയും മരുന്ന് വാങ്ങാൻ 28 ലക്ഷം രൂപയും വൃക്ക രോഗികൾക്ക് ധനസഹായമായി 4.4 ലക്ഷം രൂപയും ചെലവഴിച്ചു. സംസ്ഥാനത്തെ ആദ്യ വിളർച്ച പ്രതിരോധ പദ്ധതി, വിളർച്ച മുക്ത പഞ്ചായത്ത് ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി വാർഡുകളിൽ പരിശോധന ക്യാമ്പ്
സ്ത്രീ ക്ലിനിക്, കുട്ടികളുടെ ഈ എൻ ടി പരിശോധന ക്യാമ്പ്, ക്യാൻസർ രോഗികൾക്ക് ധനസഹായവും നൽകി വരുന്നു.
ലൈഫ് ഭവന പദ്ധതിയിലൂടെ വീടൊരുക്കിയും ഭവന പുനരുദ്ധാരണത്തിലൂടെ സഹായം നൽകിയും മരുന്ന്, ഭക്ഷ്യക്കിറ്റ് എന്നിവ വിതരണം ചെയ്തും അതിദാരിദ്ര്യമുക്ത കതിരൂർ എന്ന ലക്ഷ്യവും കൈവരിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ചുവർഷം കൊണ്ട് നൂറിലധികം വിടുകളാണ് നിർമിച്ചു നൽകിയത്. വീടുപണിയാൻ അഞ്ചുപേർക്ക് സൗജന്യമായി സ്ഥലവും നൽകി. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് 92 ലക്ഷം രൂപയുടെ പദ്ധതികളും നടപ്പിലാക്കി. ശാരീരികമാനസിക വെല്ലുവിളി നേരിടുന്ന 305 വിദ്യാർഥികൾക്ക് അഞ്ചുവർഷം തുടർച്ചയായി സ്കോളർഷിപ്പ്, 81 ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ എന്നിവ നൽകിവരുന്നു.
ശുചിത്വ പരിപാലന രംഗത്ത് സംസ്ഥാനത്ത് തന്നെ മികച്ച പഞ്ചായത്താവൻ കതിരൂരിന് സാധിച്ചു. ജൈവമാലിന്യ പരിപാലനത്തിനായി 4646 വീടുകളിൽ റിംഗ് കമ്പോസ്റ്റ്, ബയോ ബിന്നുകൾ ഉൾപ്പടെ സ്ഥാപിച്ചു. മികച്ച ഹരിതകർമ സേനയ്ക്കുള്ള അംഗികാരവും പഞ്ചായത്ത് നേടി. ലോകത്തിന്റെ നാനാ കോണിലുള്ള കതിരൂർ സ്വദേശികൾക്ക് പഞ്ചായത്തിനുള്ള വികസന നിർദേശങ്ങൾ നൽകാനായി ഗ്ലോബൽ ഗ്രാമസഭ നടത്തി വരുന്നു. സ്ത്രീ സൗഹൃദ ഗ്രാമമായ കതിരൂർ ‘പെൺകതിർ’ എന്ന പേരിലാണ് പ്രവർത്തനങ്ങൾ നടപ്പാക്കിയത്. കളരി, കരാട്ടെ, കബഡി, യോഗ, വിമൺ ഫിറ്റ്നസ് സെന്റർ തുടങ്ങിയ നിരവധി പദ്ധതികൾ സ്ത്രീകളുടെ ശാരീരിക മാനസിക കരുത്ത് വർദ്ധിപ്പിക്കാൻ ആവിഷ്കരിച്ചു. രണ്ടു വയോജന വിശ്രമ കേന്ദ്രങ്ങളാണ് പഞ്ചായത്തിലുള്ളത്. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി കുണ്ടുചിറ വിശ്രമ കേന്ദ്രത്തിൽ വയോലിറ്റിൽ തിയേറ്ററും സ്ഥാപിച്ചു. വയോജനങ്ങൾക്കായി യോഗ പരിശീലനവും നടക്കുന്നുണ്ട്.
2023- 24 വർഷം കണ്ണൂർ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം, നാഷണൽ പഞ്ചായത്ത് അവാർഡിൽ ക്ലീൻ ഗ്രാൻഡ് വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം, 2024 ലെ സംസ്ഥാനത്തെ മികച്ച വയോസൗഹൃദ പഞ്ചായത്ത്, 2024 ലെ ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്, ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനത്തിന് 2002ലെ ആർദ്ര കേരളം പുരസ്കാരം ജില്ലയിൽ ഒന്നാം സ്ഥാനം, ശുചിത്വ മാലിന്യ ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനത്തിന് 2024 ലെ കായ കൽപ്പ പുരസ്കാരം, മികച്ച ഹരിത കർമ്മ സേനയ്ക്ക് ജില്ലയിൽ ഒന്നാം സ്ഥാനം, കതിരൂർ ആയുർവേദ കേന്ദ്രത്തിന് കേന്ദ്രസർക്കാറിന്റെ അംഗീകാരം തുടങ്ങി പിന്നിട്ട വഴികളിലെല്ലാം തിളക്കമാർന്ന നേട്ടങ്ങളാണ് കതിരൂരിന് പറയാനുള്ളത്
