വികസനം യാഥാർഥ്യമാകുന്നത് സർക്കാരും ജനങ്ങളും ചേർന്നുനിൽക്കുമ്പോൾ: സ്പീക്കർ
കൂത്തുപറമ്പ് നഗരസഭയുടെ വികസന സദസ്സ് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനം യാഥാർഥ്യമാകുന്നത് സർക്കാരും ജനങ്ങളും ചേർന്നുനിൽക്കുമ്പോഴാണെന്ന് സ്പീക്കർ പറഞ്ഞു. നഗരസഭയുടെ വികസന രേഖ നഗരസഭ മുൻ ചെയർമാൻ കെ. ധനജ്ഞയന് നൽകി സ്പീക്കർ പ്രകാശനം ചെയ്തു. കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷനായി.
വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട്ട് കില റിസോഴ്‌സ് പേർസൺ എം. പ്രജിത്ത് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് നഗരസഭയുടെ നേട്ടങ്ങൾ മുനിസിപ്പൽ സെക്രട്ടറി പി.എൻ അനീഷ് അവതരിപ്പിച്ചു. ക്ലീൻസിറ്റി മാനേജർ കെ.സി ലതീഷ് ഓപ്പൺ ഫോറം ‘വിഷൻ 2030’ അവതരണവും ക്രോഡീകരണവും നടത്തി.
കൂത്തുപറമ്പ് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ വി. സുജാത ടീച്ചർ, വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ മാസ്റ്റർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിജി സജേഷ്, കെ.വി. രജീഷ്, കെ. അജിത, കെ.കെ. ഷമീർ, എം.വി. ശ്രീജ, വാർഡ് കൗൺസിലർ ആർ ഹേമലത, കെ. ധനഞ്ജയൻ, ബാബുരാജ്, മുഹമ്മദ് റാഫി, എൻ. ധനഞ്ജയൻ, കെ.പി. മുസ്തഫ ഹാജി, ശ്രീനിവാസൻ മാറോളി, എൻ.പി. പ്രകാശൻ, സി.പി. റഷീദ് എന്നിവർ പങ്കെടുത്തു.
മികവുറ്റ പ്രവർത്തനങ്ങളും മിന്നും നേട്ടങ്ങളും
ചെരുപ്പ് തുന്നൽ തൊഴിലാളികൾക്ക് 4.5ലക്ഷം രൂപ ചിലവിൽ തൊഴിലിടം ഒരുക്കൽ, വനിതകൾക്ക് ചുരുങ്ങിയ ചിലവിൽ താമസ സൗകര്യത്തിനായി ഷീ-ലോഡ്ജ് നിർമ്മാണം, ഗവ എൽ.പി സ്കൂളിൽ ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ ഹെർബൽ ഗാർഡൻ, ബട്ടർ ഫ്ളൈ ഗാർഡൻ നിർമ്മാണം എന്നിവ കൂത്തുപറമ്പ് നഗരസഭയിൽ കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ നടപ്പാക്കിയ നൂതന പദ്ധതികളാണ്. പദ്ധതി നിർവഹണത്തിൽ 2023-24 സാമ്പത്തിക വർഷം സംസ്ഥാന തലത്തിൽ രണ്ടാമതും, ജില്ലയിൽ ഒന്നാം സ്ഥാനവും നേടി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മികച്ച തദ്ദേശ സ്ഥാപനത്തിനുള്ള 2025 ലെ ഗോൾഡൻ പുരസ്‌കാരം, വൃത്തി കോൺക്ലേവ് 2025 പ്രശസ്‌തി പത്രം, ശുചിത്വത്തിനു ദേശീയ തലത്തിൽ 225 മത് റാങ്ക്, സംസ്ഥാന തലത്തിൽ 13 ഉം ജില്ലയിൽ മൂന്നാം സ്ഥാനവും പി.എം.എ.വൈ ലൈഫ് പദ്ധതി സംസ്ഥാനതല പുരസ്‌കാരം എന്നിവ നേടി.
സമഗ്ര ചർച്ചയുമായി ഓപ്പൺ ഫോറം
വികസന സദസ്സിന്റെ പ്രധാന ഭാഗമായ ഓപ്പൺ ഫോറത്തിൽ ജനങ്ങൾ മുന്നോട്ടുവച്ച നിർദേശങ്ങൾ സമഗ്ര ചർച്ചകൾക്ക് വഴിതെളിച്ചു. നഗരവികസനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രശ്നങ്ങളും സാധ്യതകളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി.
വെൽനെസ് സെന്ററിൽ പരിശോധനാ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുക, സ്ഥിരം ഡോക്ടർമാരെ നിയമിക്കുക,
നഗരസഭയിലെ ദ്രവമാലിന്യ സംസ്കരണം നല്ല രീതിയിൽ നടത്തുക, പൊതുശൗചാലയങ്ങൾ നിർമിക്കുക, തെരുവ് വിളക്കുകളുടെ ശരിയായ പ്രവർത്തനം ഉറപ്പാക്കുക, റോഡിലെ അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കുക, കാർഷികമേഖല കൂടുതൽ ശക്തിപ്പെടുത്തുക, നഗരസഭയിൽ തകരാറിലായ സി.സി.ടി.വി ക്യാമറകൾ അടിയന്തരമായി പ്രവർത്തന സജ്ജമാക്കുക തുടങ്ങിയ നിർദേശങ്ങൾ ഓപ്പൺ ഫോറത്തിന്റെ ഭാഗമായി.
ശ്രദ്ധ നേടി കെ- സ്മാർട്ടും ചിത്ര പ്രദർശനവും
വികസന സദസിനോടനുബന്ധിച്ച് സംഘടിപ്പിച്ച കെ-സ്മാർട്ട് ക്ലിനിക് ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് മികച്ച അവസരമൊരുക്കി. കെട്ടിടനികുതി അടയ്ക്കൽ, രസീത് വിതരണം, ബിൽഡിംഗ് സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെ-സ്മാർട്ട് സൈറ്റിൽ ലോഗിൻ ഐഡി സൃഷ്ടിക്കൽ, മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് വിതരണം, കെട്ടിട ലിങ്കിംഗ് എന്നിവയുൾപ്പെടെയുള്ള നിരവധി സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാക്കി.
നഗരസഭ നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ, സേവന പ്രവർത്തനങ്ങൾ, പുരസ്കാര നേട്ടങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരുക്കിയ ഫോട്ടോ പ്രദർശനവും പുരസ്‌ക്കാര പ്രദർശനവും വികസന സദസിന്റെ പ്രത്യേകതകളായി. പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക വളർച്ചയുടെ ചിത്രങ്ങൾ, ചരിത്ര സംഭവങ്ങൾ, നാട്ടിലെ പ്രമുഖ വ്യക്തിത്വങ്ങൾ, സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ തുടങ്ങിയവയെ ജനങ്ങൾക്ക് അടുത്തറിയാൻ പ്രദർശനം അവസരമൊരുക്കി.
