തളിപ്പറമ്പ് നാടുകാണിയിൽ സൂ സഫാരി പാർക്ക് നിർമിക്കുന്നതിനായി റിട്ടയർഡ് ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ ജെയിംസ് വർഗീസിന്റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ദ സമിതി രൂപീകരിച്ചു. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ യോഗത്തിന്റെതാണ് തീരുമാനം.
സന്തോഷ് ജോർജ് കുളങ്ങര, വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുള ദേവി, മൃഗശാല വകുപ്പ് മുൻ ഡയറക്ടർ അബു എബ്രഹാം എന്നിവരാണ് മറ്റ് അംഗങ്ങൾ. ജനുവരി അവസാനത്തോടെ വിശദ ഡി പി ആർ സമർപ്പിക്കും. സർക്കാർ അംഗീകാരം ലഭിക്കുന്നതോടെ ടെണ്ടർ നടപടികളിലേക്ക് കടക്കും.
തളിപ്പറമ്പ് -ആലക്കോട് സംസ്ഥാന പാതയോടുചേർന്ന് നാടുകാണിയിൽ 252.8 ഏക്കർ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുക. പദ്ധതിക്കായി വിശദമായ ഡിപിആർ തയ്യാറാക്കുന്നതിന് രണ്ടുകോടി രൂപ സർക്കാർ നേരത്തെ തന്നെ ബജറ്റിൽ അനുവദിച്ചിരുന്നു. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകുന്നതായിരിക്കും സൂ സഫാരി പാർക്ക്. മൃഗങ്ങളെ കണ്ടുകൊണ്ടുള്ള സഫാരിയാകും പ്രധാന ആകർഷണം. ഇതിനൊപ്പം മ്യൂസിയവും ബയോളജിക്കൽ പ്ലാന്റേഷനുമുണ്ടാകും. പ്രകൃതിയെ അതേപടി നിലനിർത്തി സ്വാഭാവിക വനവൽക്കരണം നടത്തിയാകും രൂപകൽപ്പന. മൃഗശാലകൾ ഇല്ലാത്ത കണ്ണൂർ ജില്ലയിലാണു സംസ്ഥാനത്ത് പ്രഥമ സൂ സഫാരി പാർക്ക് പണിയുന്നതെന്ന പ്രത്യേകതയുമുണ്ട്. സൂ സഫാരി പാർക്കിലേക്കുള്ള മൃഗങ്ങളെയും അപൂർവ ജീവികളെയും തിരുവനന്തപുരം, തൃശ്ശൂർ മൃഗശാലകളിൽനിന്ന് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ട്. മൃഗങ്ങളെയും പക്ഷികളെയും കൈമാറ്റ സംവിധാനത്തിലൂടെ രാജ്യത്തെ ഇതര മൃഗശാലകളിൽനിന്ന് എത്തിക്കും.
അത്യുത്തര കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ നാഴികക്കല്ലായി മാറുന്ന സൂ സഫാരി പാർക്ക് കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ വൻമുതൽക്കൂട്ടാകുന്നതിനാൽ അതിവേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നാടുകാണി എസ്‌റ്റേറ്റിലെ പ്രകൃതി സമ്പത്ത് സഫാരി പാർക്കിനുള്ള അനുകൂല ഘടകമാണ്. സ്വാഭാവികമായ പ്രകൃതിദത്ത പശ്ചാത്തലത്തിലും അന്തരീക്ഷത്തിലും പക്ഷിമൃഗാദികൾക്കും ഇഴജന്തുക്കൾക്കും സ്വൈര്യവിഹാരം നടത്താനാവും വിധമായിരിക്കും പാർക്കിന്റെ രൂപകൽപനയും പൂർത്തീകരണവും. വിനോദ സഞ്ചാരികൾക്കു അതിസുരക്ഷിതമായ കവചിത വാഹനങ്ങളിൽ പാർക്കിലൂടെ സഞ്ചരിക്കാൻ സൗകര്യമുണ്ടാകും. ഇതോടൊപ്പം വൈവിധ്യമാർന്ന സസ്യജാലങ്ങളെ ഉൾക്കൊള്ളിച്ച് ബൊട്ടാണിക്കൽ ഗാർഡൻ, കൂറ്റൻ മഴവെള്ള സംഭരണി, പ്രകൃതിദത്ത ചരിത്ര മ്യൂസിയം, സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രമെഴുത്ത് തുടങ്ങിയവയുമുണ്ടാകും. മൃഗങ്ങളെപ്പറ്റി അടുത്ത് മനസിലാക്കാനും സൗകര്യമൊരുക്കും.
തളിപ്പറമ്പിനെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന പറശ്ശിനിക്കടവ് പിൽഗ്രിം ടൂറിസം, കരിമ്പം ഫാം ടൂറിസം, വെള്ളിക്കീൽ ഇക്കോ പാർക്ക്, തെയ്യം മ്യൂസിയം, ഹാപ്പിനസ് പാർക്കുകൾ തുടങ്ങിയ അഭിമാന പദ്ധതികൾക്കൊപ്പം സൂ സഫാരി പാർക്കും യാഥാർഥ്യമാകുന്നതോടെ നാടിന്റെ മുഖഛായ മാറുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു.
