കേരളത്തിന്റെ സമസ്ത മേഖലകളിലും ദൃശ്യമാകുന്ന രീതിയിൽ വൻ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തുടർന്നുകൊണ്ടിരിക്കുന്നതെന്ന് എം വിജിൻ എം.എൽ. എ പറഞ്ഞു. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. കേരളത്തിന്റെ വികസന കുതിപ്പ് തുടരാൻ വികസനസദസുകളിലൂടെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമാഹരിക്കുമെന്നും അടുത്ത ഭരണസമിതിക്ക് അതനുസരിച്ച് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. സർക്കാരിന്റെ വികസന മുന്നേറ്റത്തിൽ മാതൃകാപരമായി പ്രവർത്തിച്ച പഞ്ചായത്ത് ഭരണസമിതിയെ എം.എൽ.എ അഭിനന്ദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ അധ്യക്ഷനായി.

കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ വികസന റിപ്പോർട്ട് എം.വിജിൻ എം.എൽ.എ പ്രകാശനം ചെയ്തു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചു. കില റിസോഴ്സ് പേഴ്സൺ കെ.വി. പ്രകാശൻ വികസന സദസിന്റെ സംസ്ഥാനതല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി നിത കൃഷ്ണൻ അവതരിപ്പിച്ചു. തുടർന്ന് പൊതു ചർച്ചയും നടന്നു.

വികസന നേട്ടങ്ങളുമായി കല്ല്യാശ്ശേരി

വികസന രംഗത്ത് മികവിന്റ ചരിത്രമൊരുക്കിയ കല്ല്യാശ്ശേരി 2024- 25 ലെ പദ്ധതി വിഹിതം പൂർണമായി ചെലവഴിക്കുന്നതിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയ പഞ്ചായത്താണ്. കൂടാതെ അതി ദാരിദ്ര്യ നിർമ്മാർജ്ജനം, മാലിന്യ നിർമാർജനം, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വയ്ക്കാൻ പഞ്ചായത്തിന് കഴിഞ്ഞു. ഭരണസമിതിയുടെ മികവിന് ലഭിച്ച ഐ എസ് ഒ സർട്ടിഫിക്കറ്റ് അഞ്ചുവർഷവും നിലനിർത്താനായത് പഞ്ചായത്തിന്റെ നേട്ടമാണ്. കൂടാതെ റോഡുകളുടെ പരിപാലനത്തിലും പഞ്ചായത്ത് മുന്നിട്ടു നിൽക്കുന്നു.

സമഗ്രവികസനത്തിന് സംരംഭകത്വം വികസിപ്പിക്കണം

പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് സംരംഭകത്വം വികസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം, പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ഏകീകരിപ്പിക്കണം, പോക്കറ്റ് റോഡുകളിൽ നിന്ന് മെയിൻ റോഡുകളിലേക്ക് പ്രവേശിക്കുന്ന കവലകളിൽ സിഗ്നലുകൾ സ്ഥാപിക്കണം, യുക്തിബോധവും ശാസ്ത്രബോധവും വളർത്താൻ കേന്ദ്രങ്ങൾ സ്ഥാപിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ വികസന സദസിന്റെ ഭാഗമായി നടത്തിയ പൊതു ചർച്ചയിൽ ഉയർന്നുവന്നു. നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായും അടുത്ത ഭരണ സമിതിയുടെ മുൻപാകെ സമർപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ പറഞ്ഞു