* ദേശീയ സിനിമ അവാർഡ് ജേതാക്കളായ ഉർവശിയും വിജയരാഘവനും പങ്കെടുക്കും

തലശ്ശേരി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ദേശിയ സിനിമ അവാർഡ് ജേതാക്കളായ ഉർവശിയും വിജയരാഘവനും എത്തും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16 മുതൽ 19 വരെ തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഉദഘാടന ചടങ്ങിലാണ് ഉർവശി പങ്കെടുക്കുക. 16ന് വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനം. വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. 2024ൽ കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രി നേടിയ സിനിമയാണിത്. വിവിധ ദിവസങ്ങളിലായി നടക്കുന്ന ഓപ്പൺഫോറത്തിലും മറ്റ് സാംസ്‌കാരിക പരിപാടികളിലും സിനിമാ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. 19ന് സമാപന ദിവസം നടൻ വിജയരാഘവൻ പങ്കെടുക്കും. പഴയകാല സിനിമാ നിർമാതാവ് ലിബർട്ടി ബഷീറിനെ ചടങ്ങിൽ ആദരിക്കും.

മേളയിൽ അന്താരാഷ്ട്ര നിലവാരമുള്ള 55 സിനിമകൾ പ്രദർശിപ്പിക്കും. 31 ഇന്റർനാഷണൽ സിനിമകളും 10 ഇന്ത്യൻ സിനിമകളും 14 മലയാള സിനിമകളുമാണ് പ്രദർശിപ്പിക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന ഓപ്പൺ ഫോറത്തിൽ പ്രമുഖതാരങ്ങളും സംവദിക്കും. ഡെലിഗേറ്റ് ഫീസ് 354 രൂപയും വിദ്യാർഥികൾക്ക് 177 രൂപയുമാണ്. https://registration.iffk.in/ ലിങ്ക് വഴി ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ചെയ്യാം. ലീബർട്ടി തിയേറ്ററിൽ ഓഫ് ലൈനായും രജിസ്റ്റർ ചെയ്യാം. 1300 പേർക്കാണ് അവസരം. എണ്ണൂറിലേറെപേർ നിലവിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു.

സംഘാടകസമിതി ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, സംഘാടക സമിതി കൺവീനർമാരായ പ്രദീപ് ചൊക്ലി, എസ്‌കെ അർജുൻ, കെഎസ്എഫ്ഡിസി അംഗം ജിത്തു കോളയാട്, ക്യാമറമാൻ വേണുഗോപാൽ, ലിബർട്ടി ബഷീർ, വിവിധ സബ്ബ്കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.