പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും സമാഹരിക്കുന്നതിനും കിഴാറ്റൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് അംഗം പി. ഉണ്ണി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺ എസ്. രാജേഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി. ശാന്തി, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ബാബു എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തിന്റെയും കീഴാറ്റൂർ പഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോകളും വികസന സദസിൽ പ്രദർശിപ്പിച്ചു. ഭാവി വികസനം എന്തായിരിക്കണമെന്ന്ത് സംബന്ധിച്ച പൊതുജനങ്ങൾ പങ്കെടുത്ത ക്രിയാത്മകമായ ചർച്ചയും സദസ്സിന്റെ ഭാഗമായി നടന്നു.
മാലിന്യ സംസ്കരണത്തിൽ കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിന്റെ ‘ഹരിത മാതൃക’ അജൈവ മാലിന്യ സംസ്കരണത്തിൽ രണ്ട് കോടിയുടെ പ്രവർത്തനങ്ങളുമായി മികച്ച മാതൃക തീർക്കുകയാണ് കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത്.
20 ഹരിതകർമ്മ സേന അംഗങ്ങളെ ഉപയോഗിച്ച് പഞ്ചായത്തിലെ 98 ശതമാനം വീടുകളിലെയും മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്.
പൊതുസ്ഥലങ്ങളിലെ മാലിന്യ ശേഖരണത്തിനായി 14 ബോട്ടിൽ ബൂത്തുകളും 16 ബിന്നുകളും പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. മാലിന്യ സംസ്കാരത്തിനായി ഒരു എംസിഫും 19 മിനി എംസിഫും സജ്ജമാക്കിയിട്ടുണ്ട്.
ഇതുവരെ 620 ടൺ അജൈവ മാലിന്യ വസ്തുക്കൾ ശേഖരിക്കുകയും 515 ടൺ പാഴ് വസ്തുക്കൾ ഒഴിവാകുകയും ചെയ്തു. “ഹരിത കീഴാറ്റൂർ സുന്ദര കീഴാറ്റൂർ” എന്ന അജൈവ പാഴ് വസ്തു പരിപാലന പദ്ധതിയിലൂടെ മാലിന്യ സംസ്കരണ രംഗത്ത് നിരവധി മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാരിനേതടക്കം ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം അഞ്ച് വർഷത്തിൽ 15 കോടി 60 ലക്ഷം രൂപയുടെ ഗ്രാമീണ റോഡ് വികസനമാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയും വാടക കെട്ടിടത്തിലുള്ള ആയുർവേദ ഹെൽത്ത് സെന്ററിന് അടിസ്ഥാന സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിർമിച്ച് നൽകുകയും ചെയ്തത് ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളാണ്. ലൈഫ് ഭവന പദ്ധതിയുടെ കീഴിൽ 16 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും കാർഷിക രംഗത്ത് 1 കോടി 60 ലക്ഷം രൂപയുടെ വികസനവും നടപ്പാക്കിയിട്ടുണ്ട്
