വികസന കാര്യത്തില്‍ സമസ്ത മേഖലയിലും നേട്ടം കൈവരിച്ച് മങ്കട ഗ്രാമപഞ്ചായത്ത്. കൃഷി, കായിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ മുന്നേറാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്നാണ് ബഡ്‌സ് സ്‌കൂള്‍ തുടങ്ങിയത്.

പുത്തനുണര്‍വുമായി കായിക മേഖല
യുവാക്കളുടെ ചിരകാലാഭിലാഷമായ കളിസ്ഥലം നിര്‍മിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. വെള്ളില യു.കെ പടിയില്‍ ഒരു ഏക്കറും വേരുംപുലാക്കലില്‍ 97 സെന്റും സ്ഥലം വാങ്ങി ഗ്രൗണ്ട് നിര്‍മിച്ചു. ഇതോടൊപ്പം ചേരിയം മിനി സ്റ്റേഡിയം നവീകരിക്കുകയും ചെയ്തു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഓപ്പണ്‍ ജിം സ്ഥാപിക്കുകയും ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തുകയും ചെയ്തു.

നേട്ടവുമായി ആരോഗ്യ-വിദ്യാഭ്യസ മേഖല
പുതുതായി ഹോമിയോ ഡിസ്‌പെന്‍സറി തുടങ്ങിയത് ഏറെ ആശ്വാസമാണ്. കടന്നമണ്ണ സബ്സെന്റര്‍ നിര്‍മിച്ചതും വെള്ളില സബ്സെന്ററിന് 55 ലക്ഷം അനുവദിച്ചതും ഇക്കാലയളവിലാണ്. ഇതോടൊപ്പം മങ്കട ആശുപത്രിയില്‍ രാത്രി പരിശോധനക്കായി ബ്ലോക്ക് പഞ്ചായത്ത് തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളെ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചു. സ്മാര്‍ട് ടിവി, ഫര്‍ണിച്ചര്‍ എന്നിവ നല്‍കുകയും ചെയ്തിട്ടുണ്ട്.

ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിച്ച് മങ്കട ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് ശ്രേദ്ധയമായി. മങ്കട ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് അഡ്വ. അസ്‌കര്‍ അലി ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും മുന്നേറ്റമുണ്ടാക്കാന്‍ ഭരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. അഞ്ച് വര്‍ഷവും നികുതി പിരിവ് 100 ശതമാനം പൂര്‍ത്തിയാക്കാനും പ്ലാന്‍ ഫണ്ട് പൂര്‍ണമായി വിനിയോഗിക്കാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് സലീന ഉമ്മര്‍ അധ്യക്ഷത വഹിച്ചു. റിസോഴ്സ്‌പേഴ്സണ്‍ കെ. ഫത്തീല ആമുഖ ഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റുമൈസ കുന്നത്ത്, അബ്ബാസ് അലി പൊറ്റേങ്ങല്‍, വാര്‍ഡ് അംഗങ്ങളായ പി. ജംഷീര്‍, ടി.കെ. അലി അക്ബര്‍, സെക്രട്ടറി എന്‍.കെ. താഹിറ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹ്യപ്രവർത്തകർ എന്നിവര്‍ സംസാരിച്ചു