അഞ്ചുവർഷത്തിനിടയിൽ ലൈഫ് ഭവന പദ്ധതിയിലൂടെ തലവടി ഗ്രാമപഞ്ചായത്തിലെ 152 പേർക്ക് വീട് നിർമ്മിച്ചു നൽകിയതായി വികസനസദസ്സ്. 53 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളായി പുരോഗമിക്കുകയാണെന്നും തലവടി ഗ്രാമപഞ്ചായത്ത് വികസന സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ പറഞ്ഞു.
ശ്രീ ചക്കുളത്തുകാവിലമ്മ മിനി ഓഡിറ്റോറിയത്തിൽ നടന്ന സദസ്സ് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തലവടി പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനവും നിർവഹിച്ചു. റിസോഴ്സ് പേഴ്സൺ ബിനു ഗോപാൽ സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങളും പഞ്ചായത്ത് സെക്രട്ടറി കെ ജയന്തി പഞ്ചായത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷനും നിർവഹണ ഉദ്യോഗസ്ഥനുമായ കുരുവിള തോമസ് ഓപ്പൺ ഫോറം നയിച്ചു.
പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച ഫോട്ടോ പ്രദർശനവും വികസന സദസ്സിൻ്റെ ഭാഗമായി നടന്നു.
