കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി ഒക്ടോബർ 11 ന് സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ ജി എച്ച് എസ് എസ് അവനവഞ്ചേരിയിൽ പത്താം ക്ലാസിൽ പഠിക്കുന്ന ശ്രീദേവ് ഹരീഷ് ഒന്നാം സ്ഥാനവും പട്ടം സെയിന്റ് മേരീസ് എച്ച് എസ് എസിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ജ്യോതിമ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഗവ. എച്ച് എസ് എസ് കോട്ടൺഹില്ലിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആശിഷ ആർ എസ് ഒന്നാം സ്ഥാനവും ലെക്കോൾ ചെമ്പകയിലെ ഏഴാംക്ലാസ് വിദ്യാർത്ഥി സുനിധി ബി കൃഷ്ണ രണ്ടാം സ്ഥാനവും നേടി. ഇരുവിഭാഗത്തിലും വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000 രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.