പൊല്‍പ്പുളളി ഗ്രാമപഞ്ചായത്തിന്റെ ‘വികസന സദസ്സ്’ ഉദ്ഘാടനം ഓണ്‍ലൈനായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഭവനനിര്‍മ്മാണം, കൃഷി, പ്രാഥമിക വിദ്യാഭ്യാസം, കുടിവെള്ള ലഭ്യത, ശുചിത്വം തുടങ്ങിയ എല്ലാ അടിസ്ഥാന മേഖലകളിലും പൊല്‍പ്പുളളി ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമായ പുരോഗതി നേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ‘നവകേരള മിഷന്റെ’ നാല് സുപ്രധാന മിഷനുകളും ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കി. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി, പൊല്‍പ്പുളളി പഞ്ചായത്ത് അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി ഉടന്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

അത്തിക്കോട് ശിശുവിഹാറില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ വിശിഷ്ടാതിഥിയായി. പൊല്‍പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലഗംഗാധരന്‍ അധ്യക്ഷനായി. വികസന സദസ്സ് റിസോഴ്‌സ് പേഴ്‌സണ്‍ പി.എം കുഞ്ഞുകുഞ്ഞ് സംസ്ഥാന പദ്ധതികളുടെ അവതരണം ചെയ്തു, പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. പ്രസാദ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം. പത്മിനി ടീച്ചര്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സുബൈറത്ത്, പൊല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുബ്രഹ്മണ്യന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.ശ്രീജ, അസിസ്റ്റന്റ് സെക്രട്ടറി കെ. സുന്ദരന്‍, മറ്റു മെമ്പറുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.