സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും അഞ്ചുവര്‍ഷത്തെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊണ്ട് മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. ഭരണസമിതിയുടെ കാലയളവില്‍ വിവിധ മേഖലകളില്‍ പഞ്ചായത്ത് സമഗ്രമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തില്‍ പഞ്ചായത്ത് മെമ്പര്‍ എ.പി. രാംദാസ് പറഞ്ഞു. പഞ്ചായത്ത് മുന്‍ ആസൂത്രണ സമിതി ചെയര്‍മാന്‍ കെ. വാസു ദേവന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
പഞ്ചായത്തിന്റെ സമഗ്ര വികസന നേട്ടങ്ങള്‍ അടങ്ങിയ വികസന രേഖ പരിപാടിയില്‍ അവതരിപ്പിച്ചു. സാമൂഹിക ക്ഷേമം, ഭവനനിര്‍മ്മാണം, മാലിന്യനിര്‍മാര്‍ജനം, ഡിജിറ്റല്‍ സേവനങ്ങള്‍, ആരോഗ്യ സംരക്ഷണം, കൃഷി വികസനം തുടങ്ങി നിരവധി മേഖലകളില്‍ മക്കരപ്പറമ്പ് പഞ്ചായത്ത് ശ്രദ്ധേയമായ മുന്നേറ്റമാണ് കൈവരിച്ചത്.
ഡിജി കേരളം പദ്ധതിയിലൂടെ 1287 പഠിതാക്കള്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കി ഇവാല്യൂവേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലൂടെ കണ്ടെത്തിയ 41 കുടുംബങ്ങളില്‍ 38 കുടുംബങ്ങള്‍ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി.
വാസസ്ഥല പദ്ധതികളില്‍ ‘ലൈഫ് മിഷന്‍’ മുഖേന 98 ഗുണഭോക്താക്കള്‍ക്ക് കരാറില്‍ ഉള്‍പ്പെടുത്തി 87 വീടുകള്‍ പൂര്‍ത്തിയാക്കി, 11 വീടുകളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഭവന പുനരുദ്ധാരണ പദ്ധതിയില്‍ 3 വീടുകള്‍ നവീകരിക്കുകയും 3 പുതിയ വീടുകള്‍ പണിതുയര്‍ത്തുകയും ചെയ്തു.
സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായി 1043 പേര്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷന്‍, 626 വിധവകള്‍ക്ക്, 309 ഭിന്നശേഷിയുള്ളവര്‍ക്ക്, 153 കര്‍ഷക തൊഴിലാളികള്‍ക്കും 15 അവിവാഹിത വനിതകള്‍ക്കും പെന്‍ഷന്‍ അനുവദിച്ചു.
മാലിന്യ നിര്‍മാര്‍ജന രംഗത്ത് 100 ശതമാനം വാതില്‍പ്പടി ശേഖരണം നടപ്പാക്കി. 22 ഹരിത കര്‍മ്മസേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് പരിധിയില്‍ 6 മിനി എം.സി.എഫുകളും ഒരു പ്രധാന എം.സി.എഫും പ്രവര്‍ത്തിക്കുന്നു. 430 ടണ്‍ അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരളം കമ്പനി വഴി സംസ്‌കരിച്ചു. 5651 വീടുകള്‍ ഹരിത മിത്രം ആപ്പ് ഉപയോഗിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 138 എന്‍ഫോഴ്സ്മെന്റ് പരിശോധനകള്‍ നടത്തി 1.10 ലക്ഷം പിഴ ഈടാക്കി.
കെ സ്മാര്‍ട്ട് പദ്ധതിയിലൂടെ 1900 അപേക്ഷകളില്‍ 1009 ഫയലുകള്‍ തീര്‍പ്പാക്കി. 52 ജനന രജിസ്‌ട്രേഷന്‍, 40 മരണം രജിസ്‌ട്രേഷന്‍, 80 വിവാഹ രജിസ്‌ട്രേഷന്‍, 41 വീഡിയോ ലഗഥഇ രജിസ്‌ട്രേഷന്‍ എന്നിവയും 92 ലൈസന്‍സുകളും 41 കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളും അനുവദിച്ചു. പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ 233 വളണ്ടിയര്‍മാരും മൂന്ന് എന്‍ജിഒകളും സജീവമായി പ്രവര്‍ത്തിക്കുന്നു. വിവിധ രോഗികള്‍ക്ക് സൗജന്യ മരുന്നുകളും ചികിത്സാ സഹായങ്ങളും പഞ്ചായത്ത് വഴി ലഭ്യമാക്കി.
തനത് പ്രവര്‍ത്തനങ്ങളിലൂടെ വനിതാ യോഗ പരിശീലനം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കലോത്സവം, പഠനയാത്ര, വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര, സാക്ഷരതാ തുല്യതാ പരിപാടി, വിദ്യാര്‍ത്ഥികള്‍ക്ക് കരാട്ടെ-നീന്തല്‍ പരിശീലനം, ലാപ്‌ടോപ്പ് വിതരണം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധി സാമൂഹ്യ പദ്ധതികള്‍ നടപ്പാക്കി.
കൃഷി മേഖലയിലും പഞ്ചായത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ, പാലിന് സബ്‌സിഡി, സമഗ്ര നെല്‍കൃഷി വികസന പദ്ധതി, കപ്പ കൃഷിക്ക് ജൈവവളം, അടുക്കളമുറ്റത്തെ പച്ചക്കറി കൃഷി, ബൊക്കാഷി ബക്കറ്റ് വിതരണം തുടങ്ങി നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പാക്കി.
മക്കരപ്പറമ്പ് അമ്പലപ്പടി ആറങ്ങോട്ട് ഊട്ടുപുരയില്‍ നടന്ന വികസന സദസ് പരിപാടിയില്‍ പഞ്ചായത്ത് സെക്രട്ടറി കെ.വി. ജോസഫ് സ്വാഗതം പറഞ്ഞു. ജൂനിയര്‍ സൂപ്രണ്ട് കെ.വി. ഹേന വിഷയാവതരണം നടത്തി. ആശംസകളും അഭിനന്ദനങ്ങളും പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം അഹമ്മദ് മാഷും പഞ്ചായത്ത് സി.ഡി.എസ്. ചെയര്‍പേഴ്‌സണ് അനിത എം.പിയും അറിയിച്ചു. ചടങ്ങില്‍ കുടുംബശ്രീ, ഹരിതകര്‍മ്മസേനാംഗങ്ങള്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ സജീവമായി പങ്കെടുത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആര്‍. സജീവ് നന്ദി പറഞ്ഞു.
