മാവേലിക്കര ഗവ. ആശുപത്രി ജനുവരിയോടെ ഉദ്ഘാടനം ചെയ്യുമെന്ന് എം എസ് അരുൺകുമാർ എംഎൽഎ. ചുനക്കര തെരുവിൽമുക്ക് മാർത്തോമ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച ചുനക്കര പഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 132 കോടി രൂപയാണ് ആശുപത്രി നിർമ്മാണത്തിന് അനുവദിച്ചത്. നിലവിൽ കെട്ടിടത്തിന്റെ സിവിൽ പ്രവർത്തികൾ പൂർത്തീകരിച്ചു. 400 പേർക്ക് കിടത്തി ചികിത്സ ലഭ്യമാക്കുന്ന തരത്തിലാണ് ആശുപത്രി നിർമ്മാണമെന്നും എംഎൽഎ പറഞ്ഞു.
267 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിൽ വീട് നിര്‍മ്മിച്ചു നല്‍കിയതായി സദസ്സില്‍ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മൃഗസംരക്ഷണ മേഖലയിൽ മാത്രം 52 ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കിയത്. 42 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അവശ്യസഹായങ്ങൾ നൽകി അവരെ അതിദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കി. പട്ടികജാതി വികസനത്തിന് മാത്രം 4.5 കോടി രൂപയാണ് ചെലവഴിച്ചത് എന്നും പ്രോഗ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കി. സദസ്സില്‍ ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ആർ അനിൽകുമാർ അധ്യക്ഷനായി.
