മഞ്ചേരി നഗരസഭയുടെ വികസന സദസ് മഞ്ചേരി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. മഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ച പരിപാടി മഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ യാഷിക് മേച്ചേരി, പി. റഹീം, സി. സക്കീന, എല്‍സി ടീച്ചര്‍, എന്‍.കെ. ഖൈറുനീസ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയര്‍ പരിപാടിയില്‍ പങ്കെടുത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷകാലയളവിനുള്ളിലെ മികച്ച സേവനത്തിന് നഗരസഭയ്ക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ആരോഗ്യ മേഖലയില്‍ നഗര ആരോഗ്യകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുകയും ഇതിന്റെ കീഴില്‍ ആറു വെല്‍നസ് സെന്ററുകളും നഗരസഭയില്‍ പ്രവര്‍ത്തിച്ചു വരുന്നു. 14 സബ് സെന്ററുകളിലായി നഴ്സിന്റെ സേവനം, ഗര്‍ഭിണികള്‍ക്ക് ആവശ്യമായ പരിചരണം, കുത്തിവെപ്പുകള്‍, മറ്റു സേവനങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്. അവയവം മാറ്റിവെച്ച രോഗികള്‍ക്ക് മരുന്ന് കിറ്റുകളും ഡയാലിസിസ് രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനായി മാസം തോറും ഡയാലിസിസ് കിറ്റുകളും നല്‍കി വരുന്നു. ആരോഗ്യ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി സംസ്ഥാനത്ത് തന്നെ ആദ്യമായി നഗരസഭ കെട്ടിടത്തില്‍ ഹസ്തം ഓഫീസും ആരംഭിച്ചു. 998 പാലിയേറ്റീവ് രോഗികളെ വീട്ടിലെത്തി പരിചരിക്കുകയും ചികിത്സയും മരുന്നും നല്‍കി വരുന്നു. 83 ഹരിത കര്‍മ്മ സേനാംഗങ്ങളെ ഉപയോഗിച്ച് എല്ലാ മാസവും മാലിന്യം ശേഖരിക്കുന്നുണ്ട്. 92 അങ്കണവാടികളെ സ്മാര്‍ട്ട് ആക്കുകയും അങ്കണവാടികള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍ എന്നിവ നല്‍കുകയും ചെയ്തു. സ്ത്രീകളെ സ്വയം പര്യാപ്തമാക്കുന്നതിന് 1000ത്തോളം വനിതാ സംരംഭങ്ങളാണ് നഗരസഭയുടെ കീഴില്‍ ആരംഭിച്ചത്. വയോജന പരിരക്ഷ മേഖലയില്‍ പകല്‍വീട് നിര്‍മ്മിക്കുകയും ബഡ്സ് സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ട സഹായങ്ങളും നഗരസഭ ചെയ്തു വരുന്നു. അമൃതം പദ്ധതിയുമായി ബന്ധപെട്ട് കുളം, പാര്‍ക്ക് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
