ലൈഫ് ഭവന പദ്ധതിയിൽ കൈവരിച്ച നേട്ടങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അഭിമാനപൂർവ്വം അവതരിപ്പിച്ച് കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. മഹാദേവിക്കാട് ഗവ. യുപി സ്കൂളിൽ സംഘടിപ്പിച്ച സദസ്സ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. റ്റി എസ് താഹ ഉദ്ഘാടനം ചെയ്തു.

ലൈഫ് ഭവന പദ്ധതിയിൽ ‘ലൈഫ് സങ്കേതം’ എന്ന പദ്ധതി ആവിഷ്കരിച്ച് 11 കുടുംബങ്ങൾക്ക് ഭൂമിയും വീടും നൽകിയതായി പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സെക്രട്ടറി എൻ ഷാമില പറഞ്ഞു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 230 ഗുണഭോക്താക്കൾക്ക് ഭവനനിർമ്മാണത്തിന് ധനസഹായം നൽകിയതായും 198 ഗുണഭോക്താക്കളുടെ ഭവനനിർമ്മാണം പൂർത്തീകരിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അതിദരിദ്ര വിഭാഗത്തിൽപ്പെട്ട നാല് കുടുംബങ്ങൾക്ക് വീടും മൂന്ന് പേർക്ക് വീടും സ്ഥലവും നൽകിക്കൊണ്ട് പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമാക്കി. ഹരിപ്പാട് ബ്ലോക്കിൽ ഏറ്റവും കൂടുതൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്‌സിഡി നൽകി. ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വളളവും വലയും, കുട്ടികൾക്ക് പഠനോപകരണങ്ങൾ, ലാപ്ടോപ്പ് എന്നിവയും നൽകി. കുടിവെളള പ്രശ്ന‌ത്തിന് പരിഹാരം കാണുന്നതിന് മൂന്ന് കുടിവെളള പദ്ധതികൾ നടപ്പിലാക്കിയെന്നും സദസ്സിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആർ അമ്പിളി, ഹരിപ്പാട് ബ്ലോക്ക്‌ സ്ഥിരംസമിതി അധ്യക്ഷയായ ടി ആര്‍ വത്സല, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മറിയാമ്മ മേഴ്സി, അസിസ്റ്റന്റ് സെക്രട്ടറി രമ്യ ജി ദാസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.