ആതവനാട് ഗ്രാമപഞ്ചാത്ത്
ആതവനാട് ഗ്രാമപഞ്ചായത്തിന്റെ അഞ്ച് വർഷത്തെ ഭരണ നേട്ടം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച വികസന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോമ്പിയ ഉദ്ഘാടനം ചെയ്തു. വികസനരേഖയും പ്രസിഡന്റ് അവതരിപ്പിച്ചു. ആതവനാട് ശിഹാബലി തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് കെ.ടി. ഹാരിസ് അധ്യക്ഷനായിരുന്നു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി പേഴ്സൺമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ സംബന്ധിച്ചു.

പള്ളിക്കൽ ഗ്രാമപഞ്ചായത്ത്
അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ പങ്കുവെച്ച് പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. വിമല അധ്യക്ഷയായി. ജെഡി ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ അബ്ദുൽ ഗഫൂർ സംസ്ഥാന സർക്കാരിൻ്റെ വികസന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസന റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി ഇ. ഷാമിൽ അവതരിപ്പിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ പി.സി. അബ്ദുൾലത്തീഫ്, എ. ഷുഹൈബ്, വാർഡ് മെമ്പർ എൻ.പി. നിതീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി. മുസ്തഫ തങ്ങൾ, സി. ആശ തുടങ്ങിയവർ പങ്കെടുത്തു.

ഏലംകുളം ഗ്രാമപഞ്ചായത്ത്
സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തി ഏലംകുളം ഗ്രാമ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. കുന്നകാവ് ഗവ. ഹൈസ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത്‌ മെമ്പർ
ഇ. അഫ്സൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധീർബാബു അധ്യക്ഷനായി. പഞ്ചായത്ത്‌ സെക്രട്ടറി ടി.പി. സുനിൽകുമാർ വികസന രേഖ അവതരിപ്പിച്ചു. തുടർന്ന് സർക്കാരിന്റെയും പഞ്ചായത്തിന്റെയും വീഡിയോകൾ പ്രദർശിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ അനിത പള്ളത്ത്‌ സ്വാഗതം പറഞ്ഞു. വികസന സദസ്സ് റിസോഴ്സ് പേഴ്സൺ
വൽസൻ, സി.ഡി.എസ് ചെയർപേഴ്സൺ സുനിത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ വേദി പങ്കിട്ടു. കുടുംബശ്രീ,ഹരിതകർമ്മസേനാംഗങ്ങൾ, അംഗനവടി ടീച്ചർസ്, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങി 450 ഓളം പേർ പങ്കെടുത്തു.

ആനക്കയം ഗ്രാമപഞ്ചായത്ത്
ആനക്കയം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വികസന സദസ് ആനക്കയം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. വാർഡ് മെമ്പർ രജനി മോഹൻദാസ് അധ്യക്ഷത വഹിച്ച പരിപാടി മെമ്പർ ഒ.ടി. അബ്ദുൽ ഹമീദി ഉദ്ഘാടനം ചെയ്തു. ആനക്കയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എൻ. ഉമ, ഇ പ്രദീപൻ (ജെ ഡി ഓഫീസ്, മലപ്പുറം), ആനക്കയം ഹെഡ് ക്ലർക്ക് സിന്ധു ജോസഫ്, ആനക്കയം സീനിയർ ക്ലർക്ക് പി. ഷിജു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഇരുമ്പിളിയം ഗ്രാമപഞ്ചായത്ത്
അഞ്ചു വർഷത്തെ വികസനം പ്രസക്തമാക്കിക്കൊണ്ട് ഇരുമ്പിളിയം ഗ്രാമ പഞ്ചായത്തിൽ വികസന സദ്ദസ്സ് നടന്നു. വലിയകുന്ന് മുന്നാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എൻ ഖദീജ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ശശികല അധ്യക്ഷത വഹിച്ചു. വികസനനേട്ടങ്ങളുടെ വീഡിയോയും റിപ്പോർട്ടും പഞ്ചായത്ത് സെക്രട്ടറി എച്ച് രാധമ്മ അവതരിപ്പിച്ചു.വികസന പ്രവർത്തനങ്ങളുടെ ചിത്രപ്രദർശനവും കൂടാതെ പൊതുജനങ്ങളെ ഉൾപ്പെടുത്തി ഓപൺ ഫോറവും നടന്നു.സദസ്സിൽ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു.പഞ്ചായത്ത് സീനിയർ ക്ലർക്ക് നൗഫൽ പരിപാടിക്ക് നന്ദി പറഞ്ഞു.