ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന ലക്ഷ്യം പൊതുജനാരോഗ്യ സേവനം, രോഗപ്രതിരോധം, രോഗ നിയന്ത്രണം എന്നിവയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ ചീരണിയില്‍ ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

2022 നവംബറിലാണ് ചീരണി ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചത്. 1144 ചതുരശ്ര അടി വിസ്തൃതിയില്‍ രണ്ടുനിലകളിലായി ക്ലിനിക്ക് സി യു എം (CUM) ഓഫീസ്, കുത്തിവയ്പ്പ് മുറി, ഐയുഡി ക്കുള്ള സൗകര്യം, വെയ്റ്റിങ്ങ് ഏരിയ, മുലയൂട്ടുന്ന മുറി, സ്റ്റോര്‍ റൂം, ശുചിമുറികള്‍ എന്നിവയും മുകളിലത്തെ നിലയില്‍ ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള ക്വാര്‍ട്ടേഴ്സുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കിയ 55.5 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു. ജില്ലാ നിര്‍മിതി കേന്ദ്രം വഴിയാണ് എന്‍.എച്ച്.എം ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടപ്പിലാക്കിയത്.
പരിപാടിയില്‍ കെ. രാധാകൃഷ്ണന്‍ എം പി മുഖ്യാതിഥിയായി. കെ ബാബു എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം ) ടി.വി റോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.