സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളീയ സമൂഹം ഇന്ന് ഇന്ത്യയിലെ എറ്റവും ജനാധിപത്യപരമായ ഒരു സമൂഹമായി വികസിച്ചതിനുപിന്നിൽ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സജീവമായ പങ്കാളിത്തമുണ്ട്. അത്തരം പ്രസ്ഥാനങ്ങളുടെ വർത്തമാനകാല അമരക്കാരാണ് നിങ്ങൾ. ആ നിലയിൽ അവർ ഉയർത്തിപ്പിടിച്ച നവോത്ഥാന മൂല്യങ്ങളെ വർത്തമാന കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ടെന്ന് സർക്കാർ കരുതുന്നു. അത് ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ നിലയിലാണ് ഇത്തരമൊരു കൂടിച്ചേരൽ വിളിച്ചുചേർക്കുന്നതിന് സർക്കാർ സന്നദ്ധമായത്.
ജ•ിത്വത്തിനെതിരായ ചെറുത്തുനിൽപ്പുകൾ
കേരളത്തിൽ നിലനിന്ന ഫ്യൂഡലിസം ജാതി-ജ•ി-നാടുവാഴിത്ത വ്യവസ്ഥ എന്ന നിലയിലാണ് ഉണ്ടായിരുന്നത്. ജ•ിത്വ സമ്പ്രദായം വിവിധ തരത്തിൽ ജനങ്ങളുടെ ജീവിതത്തെ ദുരിതപൂർണ്ണമാക്കിയിരുന്നു. സ്വാഭാവികമായും അതിനെതിരായി വ്യത്യസ്ത തലത്തിലുള്ള ചെറുത്തുനിൽപ്പുകൾ രൂപപ്പെടാൻ തുടങ്ങി. വ്യക്തികളും അവരുടെ ചെറിയ കൂട്ടായ്മകളും സംഘടിപ്പിച്ച ചെറുത്തുനിൽപ്പായിരുന്നു ആദ്യ ഘട്ടത്തിൽ രൂപപ്പെട്ടുവന്നത്.
അയ്യാ വൈകുണ്ഠൻ – നവോത്ഥാനത്തിന്റെ ആദ്യ കിരണം
ഹിന്ദു ജനവിഭാഗത്തിനിടയിൽ ജാതീയമായ അടിച്ചമർത്തലുകളെയും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരായുള്ള സമരമായാണ് അത് വളർന്നുവന്നത്. നവോത്ഥാന പ്രസ്ഥാനത്തിന്റെ നാമ്പുകൾ ഇവിടെ വച്ചാണ് മുളച്ചുവരുന്നത്. തെക്കൻ കേരളത്തിൽ അയ്യാ വൈകുണ്ഠൻ നടത്തിയ ഇടപെടൽ ഇത്തരത്തിലുള്ള ഒന്നായിരുന്നു. ആ പ്രദേശത്തെ ജനവിഭാഗങ്ങളെ സ്വാധീനിക്കുന്ന തരത്തിലാണ് അത് വളർന്നുവന്നത്. മേൽമുണ്ട് ധരിക്കുക എന്നത് ജ•ാവകാശമാണെന്ന് പ്രസ്താവിച്ചുകൊണ്ട് അത് വിലക്കുന്ന വ്യവസ്ഥയ്‌ക്കെതിരായി പ്രക്ഷോഭം സംഘടിപ്പിക്കുകയും കരം കൊടുക്കുന്നവരെ ശക്തമായി അപലപിക്കുകയും ചെയ്തു. ജയിലനകത്ത് കിടക്കേണ്ട സാഹചര്യം പോലും അവർക്കുണ്ടായി.
ആറാട്ടുപുഴ വേലായുധ പണിക്കർ – രക്തസാക്ഷിയായ നവോത്ഥാന നായകൻ
ആറാട്ടുപുഴ വേലായുധപണിക്കരെപ്പോലെ അക്കാലത്ത് ഉയർന്നുവന്നവർക്കാവട്ടെ നവോത്ഥാനപരമായ മുദ്രാവാക്യങ്ങൾ മുന്നോട്ടുവച്ചതിന്റെ പേരിൽ സ്വന്തം ജീവിതം തന്നെ സമർപ്പിക്കേണ്ടിവരികയും ചെയ്തു. തന്റെ കുടുംബക്ഷേത്രത്തിൽ കണ്ണാടി പ്രതിഷ്ഠ നടത്തി. അച്ചിപ്പുടവ ധരിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ പോലുള്ളവ അദ്ദേഹം സംഘടിപ്പിച്ചു. നവോത്ഥാനപരമായ ആശയങ്ങൾക്കായി പ്രവർത്തിക്കുക എന്നത് ആദ്യ കാലത്ത് ജീവൻ പോലും നഷ്ടപ്പെടാവുന്ന സാഹചര്യമായിരുന്നു നിലനിനിന്നിരുന്നത്.
ആദ്യ കാലത്ത് ഉയർന്നുവന്ന ഇത്തരം നവോത്ഥാന ഇപടപെടലുകളെ ചരിത്രത്തിൽ വേണ്ടപോലെ അടയാളപ്പെടുത്തിയിട്ടില്ല. ഇത്തരം പാരമ്പര്യങ്ങളെ പുതുതലമുറയ്ക്ക് മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ നമ്മുടെ പഠനപ്രവർത്തനങ്ങളിൽ ഉൾപ്പെടെ ഇവ ഉൾക്കൊള്ളിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്.
ചട്ടമ്പി സ്വാമികൾ- ബ്രാഹ്മണമേധാവിത്വത്തിനെതിരെയുള്ള സമരം
പ്രാദേശികമായി ഉയർന്നുവന്ന ഇത്തരം നിരവധി ശ്രമങ്ങൾ നമ്മുടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ കാണാം. ചട്ടമ്പിസ്വാമികൾ നായർ സമുദായത്തിൽ നിലനിന്ന നിരവധി അനാചാരങ്ങൾക്കെതിരെ പൊരുതിയിട്ടുണ്ട്. വിഗ്രഹ പ്രതിഷ്ഠയും വേദപഠനവും ക്ഷേത്രാരാധനയും ബ്രാഹ്മണരുടെ മാത്രം അവകാശമാണെന്ന കാഴ്ചപ്പാടുകളെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം രംഗപ്രവേശനം ചെയ്തു. സ്ത്രീ -പുരുഷ സമത്വത്തെ നവോത്ഥാനത്തിന്റെ ഒരു പ്രധാന പ്രശ്‌നമായി ഉന്നയിക്കുന്നതും ചട്ടമ്പിസ്വാമികളാണ്.
ശ്രീനാരായണ ഗുരു – ഒരു മഹാപ്രസ്ഥാനം
എന്നാൽ നവോത്ഥാനപരമായ ആശയങ്ങൾ സംസ്ഥാനത്തെയാകമാനം സ്വാധീനിക്കുന്ന ഒന്നായി മാറുന്നത്, ശ്രീനാരായണഗുരുവിന്റെ രംഗപ്രവേശനത്തോടെയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നവോത്ഥാന ആശയങ്ങൾ ഒരു മഹാപ്രസ്ഥാനമായി രൂപപ്പെടുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല, സിലോണിലേക്ക് വരെ നേരിട്ട് ചെന്ന് ഇടപെടുന്ന രീതി അദ്ദേഹം വളർത്തിക്കൊണ്ടുവന്നു. ജാതീയമായ അവശതകൾക്കെതിരായി പൊരുതുകയും എല്ലാ മതങ്ങളും ഒന്നാണെന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടും ശ്രീനാരായണ ഗുരുവിന്റെ ഇടപെടൽ കേരളത്തെ ജനാധിപത്യവത്കരിക്കാനുള്ള പ്രവർത്തനത്തിന് നൽകിയ സംഭാവന വളരെ വലുതാണ്. ജനങ്ങളാകമാനം ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളെ മറികടന്ന് ഒന്നായി നിൽക്കുക എന്ന ആശയമാണ് ശ്രീനാരായണ ഗുരു പ്രചരിപ്പിച്ചത്.
അയ്യങ്കാളി – നവോത്ഥാനത്തെ സമരപോരാട്ടമാക്കി മാറ്റിയ പോരാളി
ശ്രീനാരായണ പ്രസ്ഥാനത്തിന് ശേഷം അയ്യങ്കാളിയുടെ നേതൃത്വത്തിൽ 1905 ൽ രൂപപ്പെട്ടുവന്ന സാധുജനപരിപാലന സംഘവും, പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ പ്രശ്‌നമുൾപ്പെടെ മുന്നോട്ടുവച്ചുകൊണ്ട് പ്രവർത്തിക്കുകയായിരുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി വില്ലുവണ്ടിയിൽ യാത്ര ചെയ്തും വസ്ത്രധാരണത്തിൽ ഉണ്ടാക്കിയ നിയന്ത്രണങ്ങളെ എതിർത്തും അയ്യങ്കാളി നടത്തിയ പ്രക്ഷോഭം ശ്രദ്ധേയമായ ഒന്നായിരുന്നു.
അടിച്ചമർത്തപ്പെട്ടവർ തലയുയർത്തിയ നാളുകൾ
ഈ കാലഘട്ടത്തിൽ ജാതീയമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ നമ്മുടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിച്ചുകൊണ്ട് അവരുടെ അവശതകൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തുന്നുണ്ടായിരുന്നു. 1912 ൽ കൊച്ചിയിലെ പുലയ വിഭാഗം വെണ്ടുരുത്തി കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിൽ സമ്മേളിച്ച് മുന്നോട്ടുവരുന്ന സ്ഥിതിയുണ്ടായി. കൃഷ്ണാദി ആശാനും കെ.പി കറുപ്പനും ഈ മേഖലയിൽ സജീവമായി ഇടപെട്ടു. 1910 ൽ തന്നെ കെ.പി കറുപ്പന്റെ ശ്രമഫലമായി വാല സമുദായ പരിഷ്‌കരണ സഭ രൂപംകൊണ്ടു. പിന്നീട് നിരവധി ഇത്തരം സംഘടനകൾ രൂപീകരിക്കുന്നതിന് കെ.പി കറുപ്പൻ നേതൃത്വം നൽകുകയും ചെയ്തു.
സഹോദരൻ അയ്യപ്പൻ – വികസിപ്പിച്ച ധാര
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻമാരിൽ പ്രധാനിയാണ് സഹോദരൻ അയ്യപ്പൻ. ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച പാതയിലൂടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ അദ്ദേഹം സംഘടിപ്പിച്ചു. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ രൂപപ്പെട്ട സഹോദര പ്രസ്ഥാനം മിശ്രഭോജനം ഉൾപ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ടുവന്നു. മിശ്രഭോജന സംരംഭം പോലുള്ളവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.
ജാതി വേണ്ട,
മതം വേണ്ട,
ദൈവം വേണ്ട മനുഷ്യന്. എന്ന കാഴ്ചപ്പാട് വരെ മുന്നോട്ടുവയ്ക്കുകയുണ്ടായി. സോഷ്യലിസ്റ്റ് ആശയങ്ങളെ പരിചയപ്പെടുത്താൻ ശ്രമിച്ച നവോത്ഥാന നായകനെന്ന സവിശേഷതയും ഇദ്ദേഹത്തിനുണ്ട്.
നവോത്ഥാന മുന്നേറ്റത്തിൽ സംഭാവന ചെയ്ത നിരവധി പേരുണ്ട്. വാഗ്ഭടാനന്ദൻ, പണ്ഡിറ്റ് കറുപ്പൻ, ആനന്ദതീർത്ഥൻ, ബ്രഹ്മാനന്ദ ശിവയോഗി, വേലുക്കുട്ടി അരയൻ തുടങ്ങിയ നിരവധി പേരുണ്ട്. അത്തരം ആളുകളെ ഈ അവസരത്തിൽ നാം ഓർക്കേണ്ടതുണ്ട്.
ആലപ്പുഴയിലെ നങ്ങേലിയെ നമുക്ക് ഓർക്കാതിരിക്കാനാവില്ല. മുലക്കരം പിരിക്കാനെത്തിയവർക്കു മുമ്പിൽ ഇല വിരിച്ച് മാറിടം ഛേദിച്ച് നൽകുകയായിരുന്നു അവർ. സ്വാഭാവികമായും രക്തം വാർന്ന് അവർ മരിച്ചു. ഭാര്യയുടെ ചിതയിൽ ഭർത്താവ് കണ്ടനും എരിഞ്ഞൊടുങ്ങി. ഇങ്ങനെ എന്തെല്ലാം അധ്യായങ്ങൾ പിന്നിട്ടാണ് നാം ഇവിടെ എത്തിയിട്ടുള്ളത്.
ഉത്തരേന്ത്യൻ നവോത്ഥാനവും നമ്മുടെ നവോത്ഥാനവും തമ്മിലുള്ള വ്യത്യാസം
ഇതെല്ലാം കാണിക്കുന്നത് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ രൂപപ്പെട്ടുവരുന്നത് അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്നായിരുന്നുവെന്നതാണ്. പിന്നീട് അത് മറ്റു വിഭാഗങ്ങളിലേക്ക് വരികയായിരുന്നു. ഉത്തരേന്ത്യൻ നവോത്ഥാന പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇതാണ്. അവിടെ സവർണ്ണ വിഭാഗങ്ങളിൽ നിന്നാണ് അവ ആരംഭിച്ചതും മുന്നോട്ടുപോയതും.
സവർണ്ണ വിഭാഗങ്ങളിലും നവോത്ഥാനം
സവർണ്ണ വിഭാഗങ്ങൾക്കിടയിലും ഇത്തരം ആശയഗതികൾ സ്വാധീനം ചെലുത്താൻ തുടങ്ങി. 1907 ൽ നമ്പൂതിരിമാരുടെ യോഗക്ഷേമസഭ രൂപീകൃതമായി. കീഴാള വിഭാഗത്തിൽ നിന്ന് രൂപപ്പെട്ടുവന്ന നവോത്ഥാന പ്രസ്ഥാനങ്ങൾ ജാതിക്കെതിരെയും അതുമായി ബന്ധപ്പെട്ട അടിച്ചമർത്തലുകൾക്കുമെതിരെയാണ് ശബ്ദിച്ചതെങ്കിൽ അതിൽ നിന്ന് വ്യത്യസ്തമായി നമ്പൂതിരി വിഭാഗത്തിനകത്തെ തെറ്റായ ജീവിതക്രമങ്ങൾക്കെതിരായിരുന്നു യോഗക്ഷേമ സഭ പ്രവർത്തിച്ചത്. കൂട്ടുകുടുംബ വ്യവസ്ഥ അവസാനിപ്പിച്ച് കുടുംബ ഭാഗം അനുവദിക്കുക, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്ക് നമ്പൂതിരി യുവാക്കളെ ആകർഷിക്കുക തുടങ്ങിയവയായിരുന്നു അവർ മുന്നോട്ടുവച്ചത്.
ഇതിനകത്ത് രൂപംകൊണ്ട ഉണ്ണി നമ്പൂതിരി പ്രസ്ഥാനം കുറേക്കൂടി പുരോഗമനപരമായ കാഴ്ചപ്പാടുകളും മുന്നോട്ടുവച്ചു. വിധവ വിവാഹം അനുവദിക്കുക, ഘോഷ ബഹിഷ്‌ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളും മുന്നോട്ടുവരികയുണ്ടായി.
നായർ വിഭാഗങ്ങൾക്കിടയിലെ നവോത്ഥാന മുന്നേറ്റം
നായർ വിഭാഗത്തിനിടയിൽ ഉയർന്നുവന്ന സമരങ്ങൾ പലതും നമ്പൂതിരിമാരുടെ ആധിപത്യങ്ങൾക്കെതിരായുള്ള ഇടപെടലായിരുന്നു. നായർ സ്ത്രീകളിൽ ബ്രാഹ്മണർക്ക് കുട്ടികളുണ്ടാകുമ്പോൾ അച്ഛന് മകനെ തൊടാനോ, മകന് അച്ഛനെ തൊടാനോ ഉള്ള അവകാശം ഉണ്ടായിരുന്നില്ല. ഇത്തരം നീതികൾക്കെതിരായാണ് മന്നത്ത് പത്മനാഭനെപ്പോലെയുള്ളവർ അക്കാലത്തെ പുരോഗമന ചിന്താഗതി മുറുകെപ്പിടിച്ചുകൊണ്ടുള്ള പോരാട്ടം നടത്തിയത്. ബ്രാഹ്മണ്യത്തിന്റെ ഇത്തരം രീതികളിൽ നിന്ന് മോചനം നേടുക, വിവാഹ സമ്പ്രദായം പരിഷ്‌കരിക്കുക, ഒരാളുടെ സ്വത്തിൽ അയാളുടെ ഭാര്യയ്ക്കും അവകാശം ഉന്നയിക്കുക, വിവാഹം നിയമാനുസൃതമാക്കുക തുടങ്ങിയവ അതിന്റെ ഭാഗമായിരുന്നു.
മതനിരപേക്ഷതയുടെ അടിത്തറ
ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും പരിഷ്‌കരണ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഇവിടെ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അതേസമയം എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു രീതി കേരളത്തിൽ ആദ്യ ഘട്ടങ്ങളിലേ ഉണ്ടായിരുന്നു. തരിശാപ്പള്ളി ചെപ്പേടും ജൂത ശാസനവുമെല്ലാം അക്കാലത്തെ മതസൗഹാർദ്ദത്തിന്റെയും വിദേശ രാജ്യങ്ങളുമായുള്ള നമ്മുടെ അടുപ്പത്തിന്റെയും സൂചനയായി നിലകൊള്ളുന്നു. കേരളത്തിലെ നാട്ടുരാജ്യങ്ങൾക്ക് വിദേശ രാജ്യങ്ങളുമായി പല തരത്തിലുള്ള വിനിമയ ബന്ധങ്ങളുണ്ടായിരുന്നു. ഇത്തരം കച്ചവട ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന പരസ്പര വിനിമയവും അതിലൂടെ രൂപപ്പെട്ട അടുപ്പവും മതസൗഹാർദ്ദപരമായ അന്തരീക്ഷം നമ്മുടെ നാട്ടിൽ രൂപപ്പെടുത്തുന്നതിനിടയാക്കി.
പരമ്പരാഗതമായി ചാതുർവർണ്യ വ്യവസ്ഥയ്ക്ക് അകത്ത് ഉത്തരേന്ത്യയിൽ നിലനിന്നതുപോലുള്ള വൈശ്യ വിഭാഗങ്ങൾ കേരളത്തിൽ ഏറെ ഉണ്ടായിരുന്നില്ല. മതന്യൂനപക്ഷ വിഭാഗങ്ങൾ ഇത്തരമൊരു കടമ നിർവഹിച്ചുകൊണ്ട് സമൂഹത്തിൽ പ്രവർത്തിച്ചുവെന്നതും നമ്മുടെ സവിശേഷതയായിരുന്നു. ഇങ്ങനെ മതനിരപേക്ഷവും നവോത്ഥാനപരവുമായ ഒരു പാരമ്പര്യത്തിന്റെ ഭാഗമായാണ് കേരളത്തിന്റെ വികാസം രൂപപ്പെട്ടുവരുന്നത്.
ദേശീയ പ്രസ്ഥാനവും നവോത്ഥാനവും
നവോത്ഥാനപരമായ കാഴ്ചപ്പാടുകളെ ദേശീയ പ്രസ്ഥാനം ഏറ്റെടുക്കുകയുണ്ടായി. നവോത്ഥാന പ്രസ്ഥാനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചവർ ദേശീയ പ്രസ്ഥാനത്തിൽ സജീവമായതോടെ ഇത്തരമൊരു ചിന്താഗതി അതിന്റെ ഭാഗമായും മാറി. ടി.കെ മാധവനെ ഈ ഘട്ടത്തിൽ അനുസ്മരിക്കാതിരിക്കാനാവില്ല. അദ്ദേഹമാണ് നവോത്ഥാന പ്രസ്ഥാനത്തെയും ദേശീയ പ്രസ്ഥാനത്തെയും പരസ്പരം കണ്ണിചേർത്തുള്ള ഇടപെടലിന് നേതൃത്വം നൽകിയത്. വൈക്കം സത്യാഗ്രഹം പോലുള്ള സത്യാഗ്രഹത്തിന്റെ ചരിത്ര പ്രാധാന്യവും ഇത് തന്നെയാണ്.
ദേശീയ പ്രസ്ഥാനത്തിലെ ഇടതുപക്ഷ ധാരകൾ സജീവമായതോടെ ഇത്തരം നീക്കങ്ങൾ കൂടുതൽ ചലനാത്മകമായിത്തീർന്നു. ഗുരുവായൂർ സത്യാഗ്രഹം പോലുള്ളവ രൂപപ്പെട്ടുവരുന്നതും ഇതിന്റെ തുടർച്ച എന്ന നിലയിലാണ്. കർഷക-തൊഴിലാളി പ്രസ്ഥാനങ്ങൾ ശക്തിയാർജ്ജിച്ചതോടെ ഇത്തരം മുദ്രാവാക്യങ്ങൾ അവരും ഏറ്റെടുത്തുതുടങ്ങി. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലാവട്ടെ പാലിയം സമരം പോലുള്ളവയും നടത്തി.
വിവിധ ജാതി വിഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന നവോത്ഥാന മുന്നേറ്റങ്ങൾ ആ വിഭാഗത്തിന്റെ മാത്രം പ്രശ്‌നങ്ങളെയല്ല സമീപിച്ചത്. മറിച്ച് മറ്റു ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെക്കൂടി ഏറ്റെടുക്കുന്ന നിലയുണ്ടായി. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് ഉദ്‌ഘോഷിച്ച കേരളീയ നവോത്ഥാനത്തിന്റെ പതാകവാഹകനായ ശ്രീനാരായണ ഗുരു ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമല്ല, മനുഷ്യരെ ആകെ ഒന്നാക്കുക എന്ന ചിന്താഗതിയാണ് മുന്നോട്ടുവച്ചത്. മന്നത്തുപത്മനാഭന്റെ നേതൃത്വത്തിൽ നടന്ന സവർണ്ണ ജാഥകൾ പോലുള്ളവയും ഇതിന് ഉദാഹരണമാണ്.
നമ്മുടെ സവിശേഷത
ഇങ്ങനെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന് വിവിധ ജാതി വിഭാഗങ്ങളെയാകമാനം മാറ്റിമറിച്ച സമഗ്രമായ മുന്നേറ്റമായിരുന്നു നവോത്ഥാനം എന്ന് കാണാം. അതിന്റെ പ്രവാഹത്തിൽ മാറ്റം വരാതെ പോയ ഒരു വിഭാഗവും കേരളത്തിലില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. വസ്തുത അതാണ്.
നവോത്ഥാനത്തിന് തുടർച്ചയുണ്ടായി
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച മണ്ണിൽ തുടർച്ചയുണ്ടാകുന്ന പ്രവർത്തനങ്ങൾ പിന്നീട് നടക്കുകയുണ്ടായി. നവോത്ഥാനം ജാതി മേധാവിത്വത്തിനെതിരായാണ് പൊരുതിയതെങ്കിൽ അതിന്റെ സാമ്പത്തികഘടനയായ ജ•ിത്വത്തിനും രാഷ്ട്രീയ ഘടനയായ നാടുവാഴിത്തത്തിനും എതിരായ പ്രക്ഷോഭങ്ങളുമായി കർഷക-തൊഴിലാളി പ്രസ്ഥാനങ്ങളും മുന്നോട്ടുവന്നു. ജ•ിത്വത്തിന്റെ സാംസ്‌കാരിക രൂപങ്ങൾക്കെതിരായുള്ള സമരത്തെ അതിന്റെ സാമ്പത്തിക അടിത്തറയ്‌ക്കെതിരായുള്ള സമരം കൂടിയായി രൂപപ്പെടുത്താൻ തൊഴിലാളി-കർഷക പ്രസ്ഥാനങ്ങൾക്ക് സാധ്യമായി.
അതിന്റെ ഫലമായി 1957 ൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ ഭൂപരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. അങ്ങനെ ജ•ിത്വത്തിന്റെ സാംസ്‌കാരിക രൂപത്തിനെതിരായുള്ള സമരം സാമ്പത്തിക-രാഷ്ട്രീയ ഘടനയ്‌ക്കെതിരായുള്ള ഒന്നായി കേരളത്തിൽ മാറി. ഈ കണ്ണിചേർക്കലാണ് കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയത്.
കേരളീയ നവോത്ഥാനത്തിന്റെ സവിശേഷത
ഉത്തരേന്ത്യയിൽ നിന്ന് വ്യത്യസ്തമായി അടിസ്ഥാന വിഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന കേരളത്തേക്കാൾ ശക്തമായ നവോത്ഥാന പ്രസ്ഥാനം തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഉണ്ടായിരുന്നു. എന്നിട്ടും അവർക്ക് കേരളത്തെ പോലെയൊരു ജനാധിപത്യ സമൂഹത്തെ സൃഷ്ടിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാണ്? നവോത്ഥാന മൂല്യങ്ങളെ വർഗപരമായ കാഴ്ചപ്പാടുമായി കണ്ണിചേർത്തുകൊണ്ട് ഇടപെടുന്ന മുന്നേറ്റങ്ങൾ തുടർച്ചയിൽ ഇല്ലാത്തതാണ് കാരണമെന്ന് കാണാം.
കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തെ ഇളക്കിമറിച്ച് ഇന്നത്തെ അവസ്ഥയിലേക്ക് നമ്മുടെ നാടിനെ എത്തിച്ചതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ പങ്ക് വലുതാണ്.
നവോത്ഥാനവും വർത്തമാന കാലവും
വർത്തമാന കാലഘട്ടത്തിന്റെ ആവശ്യകതകളെക്കൂടി കണക്കിലെടുത്തുകൊണ്ട് മുന്നോട്ടുകൊണ്ടുപോകാൻ നമുക്ക് കഴിയണം. അതിന് നവോത്ഥാന നായകർ രൂപം കൊടുത്ത ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്ഥാനങ്ങൾ അത് ഏറ്റെടുത്ത് മുന്നോട്ടുവരാൻ തയ്യാറാകണം. നമ്മുടെ സമൂഹത്തിലെ വിവിധ തരത്തിലുള്ള വിവേചനങ്ങൾക്കെതിരായി ഒറ്റക്കെട്ടായി നിന്ന് മുന്നോട്ടുപോകാൻ നമുക്കാവണം.
കേരളീയ സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന വിവിധ തരത്തിലുള്ള അസമത്വങ്ങളെ ഇല്ലാതാക്കുക എന്ന നവോത്ഥാന നായകർ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെ പ്രാവർത്തികമാക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. സാമ്പത്തികവും സാമൂഹ്യവും ലിംഗപരവുമായ എല്ലാവിധ അസമത്വങ്ങളെയും പരിഹരിക്കുന്നതിന് നിലവിലുള്ള സാഹചര്യത്തിൽ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന കാര്യമാണ് നാം വിശകലനം ചെയ്യേണ്ടത്. സാമൂഹ്യവും ലിംഗപരവുമായ അടിച്ചമർത്തലുകൾക്കെതിരെ പൊരുതിയ നവോത്ഥാന പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ നിങ്ങൾ തയ്യാറാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
നവോത്ഥാന മൂല്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ പ്രതിജ്ഞാബദ്ധം
സർക്കാരിനെ സംബന്ധിച്ചിടത്തോളം സാമൂഹ്യമായ അവശതകൾ പരിഹരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നിലവിലുള്ള സംവരണം അതേപടി തുടരുക എന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. അതോടൊപ്പം അത് പറ്റാവുന്ന മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഇടപെടലും നടത്തുകയാണ്. ദേവസ്വം ബോർഡിൽ പട്ടികജാതി-പട്ടികവർഗക്കാർക്കും പിന്നോക്ക വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
അതേ പോലെ തന്നെ മുന്നോക്ക വിഭാഗത്തിലാണ് ജനിച്ചതെങ്കിലും സാമ്പത്തികമായി ഏറെ ദരിദ്രാവസ്ഥയിലെത്തിയ വിഭാഗങ്ങളെയും പരിഗണിക്കുക എന്നതാണ് സർക്കാരിന്റെ നയം. അതോടൊപ്പം ദൈവ ആരാധനയ്ക്ക് നേതൃത്വം നൽകാനുൾപ്പെടെ എല്ലാവർക്കും അവകാശമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് അബ്രാഹ്മണർക്ക് പൂജ നടത്താനുള്ള അവകാശം ഉറപ്പുവരുത്തിയത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ലൈഫ്, ആർദ്രം തുടങ്ങിയ പദ്ധതികളെല്ലാം ആത്യന്തികമായി സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ളതാണെന്ന് തിരിച്ചറിയാനാവണം. ക്ഷേമപെൻഷനുകളും മറ്റു സാമൂഹ്യ സുരക്ഷാ പദ്ധതികളും ലക്ഷ്യം വയ്ക്കുന്നതും ഇത്തരം വിഭാഗങ്ങളെ കൈപിടിച്ചുയർത്താനാണ്.
കേരളത്തിന്റെ വികസനത്തിൽ ഏറെ മുന്നോട്ടുപോകാത്തതാണ് സ്ത്രീകളുടെ നില. ഭരണഘടനപ്രകാരം സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ് ഉള്ളത്. അതനുസരിച്ചാണ് നമ്മുടെ രാജ്യത്തെ നിയമസംവിധാനങ്ങൾ പ്രവർത്തിച്ചുവരുന്നത്. ആധുനിക ജനാധിപത്യ രീതിയുടെ ഭാഗമായി വികസിച്ചുവന്ന ഒന്നാണ് ഇത്.
നവോത്ഥാനവും സ്ത്രീകളുടെ സ്ഥാനവും
നവോത്ഥാന ചരിത്രത്തിൽ സജീവമായിത്തന്നെ സ്ത്രീകളും ഇടപെട്ടിട്ടുണ്ട്. എന്നാൽ ആ പാരമ്പര്യം പലപ്പോഴും നാം വേണ്ടത്ര വിശകലനം ചെയ്തിട്ടില്ല. ചാന്നാർ ലഹള, പാലിയം സമരം, മാറുമറക്കൽ സമരം, ഘോഷ ബഹിഷ്‌കരണം, കല്ലുമാല സമരം തുടങ്ങി സ്ത്രീകൾ നേതൃത്വ നിരയിൽ ഉണ്ടായിട്ടുള്ള പോരാട്ടങ്ങൾ അനവധിയാണ്. അവയെയെല്ലാം ചരിത്രത്തിന്റെ ഭാഗമായി രേഖപ്പെടുത്തേണ്ടതുണ്ട്. സ്ത്രീകളുടെ നവോത്ഥാനത്തിലെ പങ്ക് വിശദീകരിക്കുന്ന ഒരു പുസ്തകം തന്നെ സർക്കാർ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്.
സ്ത്രീവിമോചന മുദ്രാവാക്യത്തിന്റെ സവിശേഷത
നവോത്ഥാനപാരമ്പര്യം പരിശോധിച്ചാൽ വ്യക്തമാകുന്ന ഒരു കാര്യം പിന്നോക്ക ദളിത് വിഭാഗങ്ങളിൽ നിന്ന് രൂപപ്പെട്ട പ്രസ്ഥാനങ്ങൾ അവരുടെ എറ്റവും പ്രധാനപ്പെട്ട ഇടപെടൽ നടത്തിയത് ജാതിക്കെതിരായിട്ടാണ്. കാരണം സ്ത്രീകൾ ഉൾപ്പെടെയുള്ള എല്ലാവരുടെയും അടിച്ചമർത്തലുകൾ ജാതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്നതുകൊണ്ടാണ് അത്. കീഴാള വിഭാഗത്തിൽപെട്ട സ്ത്രീകൾക്കാണ് താരതമ്യേന സവർണ്ണ വിഭാഗത്തിൽ പെട്ടവരേക്കാൾ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്ന കാര്യവും പ്രസക്തമാണ്.
മറ്റു വിഭാഗങ്ങളിലാവട്ടെ ജാതിക്രമത്തിനകത്തുള്ള ജീവിതവുമായി ബന്ധപ്പെട്ട അടിച്ചമർത്തലുകളായിരുന്നു സ്ത്രീകൾക്കുണ്ടായിരുന്നത്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് പോലുള്ള മുദ്രാവാക്യങ്ങൾ തന്നെ ഉയർന്നുവന്നത് ഈ പശ്ചാത്തലത്തിലാണ്. അത് ഒരു നാടകത്തിന്റെ മാത്രം പേരല്ല, സ്ത്രീയുടെ ജീവിതാവസ്ഥ തന്നെയായിരുന്നു. സ്ത്രീ സമത്വത്തിന്റേതായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് അത്തരം പ്രസ്ഥാനങ്ങൾ ഘോഷ ബഹ്ഷ്‌ക്കരണവും ദായക്രമത്തിലെ മാറ്റവുമെല്ലാം നിർദ്ദേശിച്ച് മുന്നോട്ടുവന്നത്.
ഈ പാരമ്പര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തമാണ് നവോത്ഥാനപ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതാക്കൾ ഏറ്റെടുക്കേണ്ടത്. നവോത്ഥാന പ്രസ്ഥാനങ്ങൾ തുടക്കത്തിൽ നിലവിലുള്ള നിയമസംഹിതകളെ കൂടുതൽ ഗുണപരമായി മാറ്റിത്തീർക്കാൻ വേണ്ടി പോരാട്ടം നയിച്ചവരാണ്. നിലവിലുള്ള നിയമത്തിനകത്ത് സ്ത്രീകളെയും ജാതീയമായി പിന്നോക്കം എന്ന് വിശേഷിപ്പിക്കുന്നവരെ അടിച്ചമർത്തുന്ന നിയമങ്ങൾക്കെതിരെയും മനുഷ്വത്വരഹിതമായ രീതികൾക്കുമെതിരെയാണ് പോരാടിയത് എന്ന് കാണാം. അത്തരം പോരാട്ടത്തിന്റെ ഫലമായി പുതിയ നിയമങ്ങൾ നിർമ്മിക്കപ്പെടുകയായിരുന്നു. ക്ഷേത്രപ്രവേശന വിളംബരം തൊട്ട് ദായക്രമങ്ങളിലെ മാറ്റം വരെ ഉയർന്നുവന്നത് അങ്ങനെയാണ്. സ്വാതന്ത്ര്യപ്രസ്ഥാനം ഉയർത്തിക്കൊണ്ടുവന്ന ആശയങ്ങളാണല്ലോ ഇന്ത്യൻ ഭരണഘടനയ്ക്ക് അടിസ്ഥാനമായിത്തീർന്നത്.
ജീവിതക്രമത്തെ മുന്നോട്ടുകൊണ്ടുപോകാനാവണം
നിലവിലുള്ള നിയമസംഹിതയേക്കാൾ ഒരുപടി മുന്നോട്ടുനടക്കുകയായിരുന്നു നവോത്ഥാന പ്രസ്ഥാനങ്ങൾ. എന്നാൽ ഇപ്പോൾ സംഭവിക്കുന്ന പ്രധാനപ്പെട്ട കാര്യം നിലവിലുള്ള നിയമസംഹിതകൾ മുന്നോട്ടുവയ്ക്കുന്ന സമത്വത്തെ നിഷേധിക്കാനുള്ള ഇടപെടലുകൾ സമൂഹത്തിൽ നടക്കുന്നുവെന്നതാണ്. നമ്മുടെ നാടിനെ പിന്നോട്ടുവലിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരായി നവോത്ഥാന ആശയങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടുള്ള ശക്തമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കാനാവണം. അതിന് ഏതൊക്കെ രീതിയിലുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തേണ്ടതെന്നും, നവോത്ഥാന ആശയങ്ങൾക്കായി ഏതൊക്കെ രീതിയിൽ നിങ്ങളുടെ സംഘടനയ്ക്ക് പ്രവർത്തിക്കാനാകുമെന്ന് മനസ്സിലാക്കാനും ചർച്ച ചെയ്യാനുമാണ് ഇത്തരമൊരു യോഗം സർക്കാർ വിളിച്ചുചേർത്തിരിക്കുന്നത്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് നിങ്ങളുടെ എല്ലാവിധ സഹായങ്ങളും സർക്കാർ പ്രതീക്ഷിക്കുന്നു.