അഞ്ചുവര്‍ഷംകൊണ്ട് കേരളത്തില്‍ അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി, പാലക്കാട് ജില്ലയെ അതിദാരിദ്രമുക്ത ജില്ലയായി പ്രഖ്യാപിച്ചു. പ്രഖ്യാപനം അഡ്വ. കെ ശാന്തകുമാരി എംഎല്‍എ നിര്‍വഹിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ ഘട്ടം ഘട്ടമായി സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് അതിദാരിദ്രമുക്ത പ്രഖ്യാപനമെന്നും പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു.

പ്രഖ്യാപനത്തിനു മുന്നോടിയായി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ജില്ലയിലെ 6,008 കുടുംബാംഗങ്ങളെ അതിദാരിദ്ര്യത്തില്‍നിന്നു മോചിപ്പിക്കാനായി. ഇവര്‍ക്കായി പ്രത്യേകം മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതികള്‍ നടപ്പാക്കിയത്. 2021-ല്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സര്‍വേ നടത്തിയാണ് ഗുണഭോക്താക്കളുടെ ആദ്യപട്ടിക തയ്യാറാക്കിയത്. ഭക്ഷണം, ആരോഗ്യസംരക്ഷണം, വരുമാനം, പാര്‍പ്പിടം എന്നീ നാല് ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് ഓരോ കുടുംബത്തിനും ആവശ്യമായ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ‘മൈക്രോ പ്ലാന്‍’ തയ്യാറാക്കി.

ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് റവന്യൂഭൂമി നല്‍കി. ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിച്ച 1,357 പേര്‍ക്ക് നഗരസഭ, ഗ്രാമപ്പഞ്ചായത്ത് തലങ്ങളില്‍ ഭക്ഷണവും ഭക്ഷ്യക്കിറ്റുകളും എത്തിച്ചുനല്‍കുന്നു. 1,467 കുടുംബങ്ങള്‍ക്ക് മരുന്ന് നല്‍കി ആവശ്യമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി. 501 പേര്‍ക്ക് പാലിയേറ്റീവ് ചികിത്സ ലഭ്യമാക്കി. വരുമാനം ആവശ്യമുള്ള 392 ഗുണഭോക്താക്കള്‍ക്ക് ഉജ്ജീവനം/കുടുംബശ്രീ പദ്ധതികളിലൂടെ തൊഴില്‍ ലഭ്യമാക്കി വരുമാനം ഉറപ്പാക്കാന്‍ സാധിച്ചു. സുരക്ഷിത വാസസ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി 440 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഭൂരഹിതരായ 44 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമായി റവന്യൂ ഭൂമി നല്‍കി. അതിദാരിദ്ര വിഭാഗത്തില്‍പ്പെട്ട എല്ലാവര്‍ക്കും ആവശ്യമായ വോട്ടര്‍ ഐഡി, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയും ലഭ്യമാക്കിയാണ് ജില്ലയെ അതിദാരിദ്യമുക്തമാക്കിയത്.

കോങ്ങാട് മണീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എസ്.എസ് അല്‍ഫ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവന്‍, കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജിത്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ചന്ദ്രബാബു, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ ഗോപിനാഥന്‍, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ ടി.എസ് ശുഭ എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.