ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കോങ്ങാട് നിയോജക മണ്ഡലത്തില്‍പ്പെട്ട മണ്ണൂര്‍, കേരളശ്ശേരി, മങ്കര പഞ്ചായത്തുകള്‍ക്ക് വേണ്ടിയാണ് കുടിവെള്ള പദ്ധതിയുള്ളത്. 2050-ലെ പ്രതീക്ഷിത ജനസംഖ്യ 70,636 പേര്‍ക്ക് പ്രതിദിനം ആളോഹരി 100 ലിറ്റര്‍ ശുദ്ധജലം പദ്ധതിയിലൂടെ ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കേരളശ്ശേരി ഗ്രാമപഞ്ചായത്തും പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാകും.

പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികള്‍ക്ക് നബാര്‍ഡ് – ആര്‍.ഐ.ഡി.എഫ്- 23 ല്‍ ഉള്‍പ്പെടുത്തി മണ്ണൂര്‍ പഞ്ചായത്തിലെ പേരടിക്കുന്നില്‍ 10 ദശലക്ഷം ലിറ്റര്‍ പ്രതിദിന സ്ഥാപിത ശേഷിയുള്ള ജലശുദ്ധീകരണശാല, കേരളശ്ശേരി പഞ്ചായത്തിലെ എട്ടിക്കുന്നില്‍ 8 ലക്ഷം ലിറ്റര്‍ ഉന്നതതല ജലസംഭരണി, ക്ലിയര്‍ വാട്ടര്‍ പമ്പിങ് മെയിന്‍, ക്ലിയര്‍ വാട്ടര്‍ പമ്പ് സെറ്റുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍, വൈദ്യുതീകരണ പ്രവൃത്തികള്‍ എന്നിവ പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടമായി ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ വീടുകളില്‍ കണക്ഷനുകള്‍ നല്‍കുന്ന പ്രവൃത്തി, വിതരണ ശൃംഖല സ്ഥാപിക്കല്‍ എന്നിവയും പൂര്‍ത്തിയായി.

കേരളശ്ശേരി ദേവികൃപ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കേരള വാട്ടര്‍ അതോറിറ്റി ഉത്തരമേഖല ചീഫ് എന്‍ജിനീയര്‍ പി.എസ് പ്രദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ രജനി, ബി നന്ദിനി, കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനില്‍, വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്‌മാന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബി ഷാജിത, എം രമ, ഒ.കെ രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.